കോട്ടയം: പട്ടിത്താനം-മണർകാട് ബൈപാസിന്‍റെ അവസാന റീച്ചിന്‍റെയും നിർമാണം പൂർത്തിയായി. ബൈപാസിന്‍റെ പറേകണ്ടം ജങ്ഷൻ മുതൽ പട്ടിത്താനം വരെയുള്ള അവസാന റീച്ചിന്‍റെ ടാറിങ് പൂർത്തിയായി. അവസാന റീച്ചിലെ 1.8 കിലോമീറ്റർ നീളംവരുന്ന റോഡിന്‍റെ ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിങ്ങാണ് വ്യാഴാഴ്ച പൂർത്തീകരിച്ചത്.
റോഡിൽ മാർക്കിങ്ങുകൾ രേഖപ്പെടുത്തുന്നതടക്കമുള്ള സുരക്ഷാപ്രവൃത്തികളാണ് ബാക്കിയുള്ളത്. 10 ദിവസത്തിനുശേഷം ഈ നടപടിയും പൂർത്തിയാക്കി നവംബർ ഒന്നിനുതന്നെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. സ്ഥലം എം.എൽ.എയും മന്ത്രി വി.എൻ. വാസവന്‍റെയും തുടർച്ചയായ ഇടപെടലുകളെ തുടർന്നാണ് പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചത്. മന്ത്രി എല്ലാ മാസവും നിർമാണം അവലോകനം ചെയ്തിരുന്നു. പ്രവൃത്തികൾ നേരിട്ടുസന്ദർശിച്ച് വിലയിരുത്തുകയും ചെയ്ത മന്ത്രി നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ റോഡ് തുറന്നുനൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.
റോഡ് തുറന്നുകൊടുക്കുന്നതോടെ കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി എം.സി റോഡിലൂടെയുള്ള വാഹനയാത്ര സുഗമമാകും.എം.സി റോഡിലെ തിരക്ക് ഒഴിവാക്കി യാത്രചെയ്യാനാവുന്ന പട്ടിത്താനം-പെരുന്തുരുത്തി ബൈപാസിന്‍റെ ഭാഗമാണിത്. എം.സി റോഡിൽ പട്ടിത്താനം കവലയിൽനിന്നാണ് ബൈപാസ് ആരംഭിക്കുന്നത്.
മണർകാട്, പുതുപ്പള്ളി, തെങ്ങണവഴിയുള്ള ബൈപാസ് തിരുവല്ലക്ക് മുമ്പ് പെരുന്തുരുത്തി കവലയിൽവെച്ചാണ് എം.സി റോഡുമായി വീണ്ടും സംഗമിക്കുന്നത്. മണർകാടുനിന്ന് കെ.കെ റോഡിലേക്കും പ്രവേശിക്കാം. ജില്ലയിലെ പ്രധാന രണ്ടുറോഡുകളുമായി തിരക്കൊഴിവാക്കി സഞ്ചരിക്കാവുന്ന വഴി പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഏറ്റുമാനൂർ അടക്കമുള്ള നഗരങ്ങളിലെ തിരക്കിന് ചെറിയ തോതിലെങ്കിലും പരിഹാരമാകും.
13.30 കിലോമീറ്റർ നീളം വരുന്ന റോഡിന്‍റെ മണർകാട് മുതൽ പൂവത്തുംമൂട് വരെയുള്ള ഒന്നാം റീച്ചിന്‍റെ നിർമാണം 2015ലും പൂവത്തുംമൂട് മുതൽ ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിലെ പറേക്കണ്ടം വരെയുള്ള രണ്ടാംഭാഗം 2019ലും പൂർത്തീകരിച്ചിരുന്നു.അവസാന റീച്ചായ പട്ടിത്താനം വരെയുള്ള ഭാഗത്തിന് ഭൂമി പൂർണമായും ഉടമകൾക്ക് വിലനൽകി ഏറ്റെടുത്ത് പുതിയ റോഡ് നിർമിക്കുകയായിരുന്നു. 12.60 കോടി ചെലവഴിച്ചാണ് അവസാനഘട്ടം നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.