കോട്ടയം: പെൻഷൻ വിതരണത്തിൽ തിരിമറി നടത്തി കോട്ടയം നഗരസഭയിൽനിന്ന് ജീവനക്കാരൻ പണം തട്ടിയ സംഭവത്തിൽ, നഷ്ടമായ തുകയുടെ കൃത്യമായ കണക്കില്ല. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ കൃത്യമായ കണക്ക് അവതരിപ്പിക്കണമെന്ന് കൗൺസിലർമാർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ചെയർപേഴ്സനും സെക്രട്ടറിയും കൈമലർത്തി.
തട്ടിപ്പ് പുറത്തുവന്ന് പത്ത് ദിവസം പിന്നിട്ടിട്ടും കൃത്യമായ കണക്ക് വ്യക്തമാക്കാൻ കഴിയാത്തത് രൂക്ഷവിമർശനങ്ങൾക്കും കാരണമായി.
മൂന്ന് കോടിയിലധികമെന്ന് പറയുന്നതല്ലാതെ, എത്ര രൂപ നഷ്ടപ്പെട്ടുവെന്ന് കൃത്യമാക്കണമെന്ന് ഇടത്-ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതോടെ, ഫയലുകൾ പല സെക്ഷനുകളിലാണെന്നും കണക്കെടുപ്പ് തുടരുകയാണെന്നും സെക്രട്ടറി മറുപടി നൽകി.
നാലുവർഷമായി തട്ടിപ്പ് നടന്നിട്ടും ഉദ്യോഗസ്ഥർക്ക് കണ്ടുപിടിക്കാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി.
സെക്രട്ടറിയുടെ അടക്കം അനാസ്ഥയാണ് പ്രതിക്ക് തട്ടിപ്പ് നടത്താൻ അവസരമൊരുക്കിയത്. അഖിൽ വർഗീസ് കൊല്ലത്ത് തട്ടിപ്പ് നടത്തിയ വ്യക്തിയാണെന്ന് അറിയാമായിരുന്ന സെക്രട്ടറി ഇക്കാര്യം ചെയർപേഴ്സനെ അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
2020 മുതൽ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ, അന്ന് മുതൽ നഗരസഭയിൽ പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും വീഴ്ച അന്വേഷിക്കണം. മുൻ സെക്രട്ടറിമാരുടെ പ്രവർത്തനം പ്രത്യേകമായി പരിശോധിക്കണം. പണം തട്ടിയ നഗരസഭ ക്ലർക്ക് അഖിൽ സി. വർഗീസിനെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്.
പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്പോർട്ട് കണ്ടുകെട്ടാൻ നടപടിയില്ല. ഭരണകക്ഷി യൂനിയനുമായി ബന്ധമുള്ള ഇയാളെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതായും യു.ഡി.എഫ് അംഗങ്ങൾ അരോപിച്ചു. അഖിൽ തട്ടിയെടുത്ത പണത്തിന്റെ വിഹിതം ആർക്കൊക്കെ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നു. തട്ടിപ്പ് സമൂഹത്തിൽ ചർച്ചയായതോടെ പൊതുപരിപാടികൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും കൗൺസിലർമാർ പറഞ്ഞു. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കോട്ടയം: പെൻഷൻ വിതരണത്തിൽ തിരിമറി നടത്തി കോട്ടയം നഗരസഭയിൽനിന്ന് ജീവനക്കാരൻ മൂന്നുകോടിയോളം തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച നഗരസഭയിലെത്തി പരിശോധന നടത്തി. നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, സാമ്പത്തിക വിഭാഗത്തിലെയും പെൻഷൻ വിഭാഗത്തിലെയും ജീവനക്കാർ എന്നിവരുടെ മൊഴിയെടുത്തു. ഓഫിസ് രേഖകളും പരിശോധിച്ചു. വരുംദിവസങ്ങളിലും കൂടുതൽ പരിശോധന നടത്തുമെന്നും സംഘം അറിയിച്ചു. അതേസമയം, പണം തട്ടിയ നഗരസഭ ക്ലർക്ക് അഖിൽ സി. വർഗീസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.