എരുമേലി: ശനിയാഴ്ച എരുമേലിയിൽ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളിൽ 32 തീർഥാടകർക്ക് പരിക്കേറ്റു. ഇവരിൽ 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒമ്പത് പേരെ കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 11 പേർക്ക് നിസ്സാര പരിക്ക് മാത്രമാണ് പറ്റിയത്.
പുലർച്ച നാലോടെ എരുമേലി പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു ആദ്യ അപകടം. പാർക്കിങ് മൈതാനത്തുനിന്നും പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട തീർഥാടകബസ് എതിർവശത്തെ വലിയ തോട്ടിലേക്ക് വീഴുകയായിരുന്നു.
തീർഥാടകരുടെ വൻതിരക്ക് അനുഭവപ്പെടുന്ന പ്രധാന റോഡും കടന്ന് എതിർവശത്തെ മറ്റൊരു പാർക്കിങ് മൈതാനത്തിലൂടെ ഓടിയാണ് ബസ് തോട്ടിൽ വീണത്. അപകടസമയം റോഡിലും മൈതാനങ്ങളിലും തീർഥാടകരും വാഹനങ്ങളും കുറവായിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. ബസിലുണ്ടായിരുന്ന 11 തമിഴ്നാട് സ്വദേശികളായ തീർഥാടകർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
തോടിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നതിനെ തുടർന്ന് ബസിന്റെ മുൻവശം തകർന്നതോടെ കുടുങ്ങിക്കിടന്ന ഡ്രൈവറിനെ ഒരുമണിക്കൂറിലെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. രാവിലെ അഞ്ചോടെ കണമല ഇറക്കത്തിലെ അട്ടിവളവിലായിരുന്നു രണ്ടാമത്തെ അപകടം.
എരുമേലിയിൽ നിന്നും പമ്പയിലേക്ക് പോകുകയായിരുന്ന വാൻ ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ മൺതിട്ടയിൽ ഇടിച്ചശേഷം റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ 21 തീർഥാടകർക്ക് പരിക്കേറ്റു. പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളജിലും ഒമ്പത് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.