കോട്ടയം: കോവിഡ് വെല്ലുവിളികൾക്കിടയിലും ഹയർസെക്കൻഡി പരീക്ഷയിൽ ജില്ലക്ക് നേട്ടം. 131 സ്കൂളുകളിൽനിന്നായി പരീക്ഷയെഴുതിയ 21,253 വിദ്യാർഥികളിൽ 18,737 പേരും ഉപരിപഠനത്തിന് അർഹത നേടി; വിജയശതമാനം 88.16. കഴിഞ്ഞ തവണ 87.73 ശതമാനമായിരുന്നു വിജയം. അതേസമയം, സംസ്ഥാനതലത്തിൽ വിജയശതമാനത്തിൽ ജില്ല ഏഴാം സ്ഥാനത്തായി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു കോട്ടയം.
3157 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനയുണ്ട്. 2020ൽ ഇവരുടെ എണ്ണം 1386 ആയിരുന്നു. നിരവധി വിദ്യാർഥികൾ മുഴുവൻ മാർക്കും സ്വന്തമാക്കി ജില്ലയുടെ അഭിമാനതാരങ്ങളായി.
ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷ എഴുതിയ 56 പേരിൽ 50 പേരും ഉപരിപഠനത്തിന് അർഹതനേടി. 89.29 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 80.77 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ ആരുമില്ലായിരുന്നു. ഇത്തവണ മൂന്നുപേർ എല്ലാവിഷയത്തിനും എ പ്ലസ് നേടി.
ഓപൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 58.01. 712 പേർ പരീക്ഷയെഴുതിയതിൽ 413 പേരാണ് വിജയിച്ചത്. 20 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
ജില്ലയിലെ 16 സ്കൂളുകൾ നൂറുശതമാനം വിജയം സ്വന്തമാക്കി. സമ്പൂർണവിജയം കിട്ടിയ സ്കൂളുകളിൽ മാന്നാനം കെ.ഇ. സ്കൂളിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്. 248 കുട്ടികൾ. ഇവരെല്ലാം വിജയിച്ചു. തലയോലപ്പറമ്പ് നീർപ്പാറ ബധിര വിദ്യാലയവും സമ്പൂർണവിജയക്കാരായി. ഇവിടെനിന്ന് പരീക്ഷയെഴുതിയ 29 പേരും വിജയിച്ചു. സമ്പൂർണ സ്കൂളുകളിൽ സർക്കാർ മേഖലയിലെ സ്കൂളുകളൊന്നും ഇടം പിടിച്ചിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറൻറീനിലുള്ളവർക്കും പ്രത്യേക ക്രമീകരണം ഒരുക്കിയായിരുന്നു പരീക്ഷ. ഇവരിൽ ഭൂരിഭാഗവും വിജയകടമ്പ മറികടന്നു. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ ജില്ലയിൽ 1347 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1037 കുട്ടികൾ ഉപരി പഠനത്തിന് അർഹരായി. 76.99 ശതമാനമാണ് വിജയം. 24 സ്കൂളുകളാണ് ജില്ലയിലുള്ളത്. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ തലയോലപ്പറമ്പ് ഗവ.വി.എം.ബി.എസാണ് വിജയശതമാനത്തിൽ മുന്നിൽ; 97.06. ഇവിടെ പരീക്ഷയെഴുതിയ 68 പേരിൽ 66 പേരും വിജയിച്ചു. ഏറ്റുമാനൂർ ബോയ്സ് ഗവ. വി.എച്ച്.എസ്.എസാണ് രണ്ടാമത്; 95.45 ശതമാനം വിജയം. ഇവിടെ പരീക്ഷയെഴുതിയ 44 പേരിൽ 42 വിദ്യാർഥികളും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.