പൊൻകുന്നം: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും മക്കളെയും അറസ്റ്റ് ചെയ്തു. തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ കെ.എ.അനീഷ് (38), കെ.എ.സനീഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സമീപവാസിയായ മധ്യവയസ്കൻ തന്റെ പട്ടിയുമായി നടക്കാൻ ഇറങ്ങിയ സമയം പട്ടി അപ്പുക്കുട്ടൻ നായരുടെ വീടിന് സമീപമുള്ള മാടത്തിന്റെ അരികിലായി വിസർജിക്കുകയും തുടര്‍ന്ന് ഇയാള്‍ പട്ടിയെ കല്ലെടുത്ത് എറിയുകയുമായിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും കല്ലെടുത്ത് വീണ്ടും മധ്യവസ്കനെ എറിയുകയും ചെയ്തു.
തുടർന്ന് ഇയാളും മക്കളും ചേർന്ന് മധ്യവയസ്കനെ ആക്രമിക്കുകയും തലക്ക് വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന്റെ തലയോട്ടിക്കും കാല്‍വിരലിന്റെ അസ്ഥിക്കും പൊട്ടലുമുണ്ട്. പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരാതിയെ തുടർന്ന് പൊൻകുന്നം പൊലീസ് കേസെടുത്ത് എസ്.എച്ച്.ഒ ടി.ദിലീഷ്, എസ്.ഐമാരായ മാഹിൻ സലിം, ഡി.സുഭാഷ്, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഒമാരായ ഷാജി ചാക്കോ, ജയകുമാർ കെ.ആർ, നിഷാന്ത് കെ.എസ്, അനൂപ് എന്നിവർ ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.