പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിന്റെ വശങ്ങൾ കൈയേറി അനധികൃതകടകൾ പെരുകുന്നു. പ്രധാന ജങ്ഷനുകളിലെല്ലാം വീതിയേറിയ ഭാഗങ്ങളിൽ കടകൾ കെട്ടിയതോടെ വാഹനങ്ങൾ ഒതുക്കുന്നതിനോ വഴിയാത്രക്കാർക്ക് സുഗമമായി നടക്കുന്നതിനോ സ്ഥലമില്ല. ഇത്തരം കടകളുടെ പരിസരങ്ങളിൽ വാഹനങ്ങൾ കൂട്ടത്തോടെ നിർത്തിയിടുന്നതും അപകടത്തിന് കാരണമാകുന്നു.
ഒന്നാംമൈൽ മുതൽ പൈക ഏഴാംമൈൽ വരെ നിരവധി താത്ക്കാലിക കടകളാണ് റോഡ് പുറമ്പോക്ക് കൈയേറി നിർമിച്ചത്. ചായക്കട, ബജിക്കട, പഴക്കട, മീൻകട തുടങ്ങി പലവിധ കച്ചവടക്കാരാണ് റോഡ് കൈയേറിയിരിക്കുന്നത്. ഇതുകൂടാതെ വാഹനങ്ങളിലെത്തുന്ന കച്ചവടക്കാരുമുണ്ട്. തുറക്കാത്ത കടകൾ പൊളിച്ചുനീക്കാതെ കിടക്കുന്നതും വഴിയാത്രക്ക് തടസ്സമാണ്.
വീതികൂട്ടി നിർമിച്ച ഹൈവേയുടെ പ്രയോജനം നഷ്ടപ്പെടുത്തുംവിധമാണ് കടകൾ പെരുകുന്നത്. പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് ഇവ. വകുപ്പ് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ആവശ്യമായ ലൈസൻസുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അനധികൃത കടകൾ മൂലം ജൽജീവൻ മിഷന്റെ പൈപ്പിടലിനും തടസ്സമായിട്ടുണ്ട്. റോഡരികിലൂടെ കുഴിച്ചിടേണ്ട പൈപ്പുകൾ കടകളുള്ള ഭാഗങ്ങളിൽ ഇപ്പോൾ മണ്ണിന് മുകളിലൂടെ സ്ഥാപിച്ചിരിക്കുകയാണ്.
അനധികൃത കടകൾ അപകടങ്ങൾക്കിടയാക്കുന്നുമുണ്ട്. അടുത്തിടെ ഒന്നാംമൈലിലും എലിക്കുളം കുരുവിക്കൂട്ടും കടകളിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറി ആൾക്കാർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.