പൊൻകുന്നം: കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫിസർമാർക്ക് പ്രതിഫലം ലഭിച്ചിട്ട് രണ്ടുവർഷം. പ്രതിമാസം 600 രൂപ മാത്രമാണ് ഇവരുടെ ഓണറേറിയം. 500 രൂപ പ്രതിഫലവും 100 രൂപ ഫോൺ അലവൻസുമാണിത്. 2023ലെ പ്രതിഫലം 2024 അവസാനമായിട്ടും ലഭിച്ചിട്ടില്ല. 2024ലെ പ്രതിഫലത്തിന്റെ കാര്യവും ഇതുതന്നെ. ട്രഷറി നിയന്ത്രണം മൂലമാണെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും മറ്റ് മണ്ഡലങ്ങളിലെ ബി.എൽ.ഒമാർക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വോട്ടർപട്ടികയിലെ പേര് ഉറപ്പാക്കൽ, തിരിച്ചറിയൽ കാർഡ് ലഭ്യമാക്കൽ, വയോധികരുടെ വീട്ടിലെ വോട്ട് ഉറപ്പാക്കൽ, തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പ്ഔദ്യോഗിക സ്ലിപ് വീടുകളിലെത്തിക്കൽ, വോട്ടെടുപ്പ് ദിവസം ബൂത്തിൽ മുഴുവൻ സമയ സേവനം തുടങ്ങി നിരവധി ജോലികളാണ് ഇവർക്കുള്ളത്. തന്റെ ബൂത്ത് പരിധിയിലെ വീടുകളിൽ പലതവണ സന്ദർശനം നടത്തേണ്ടി വരാറുണ്ട്. എന്നാൽ, പരിമിതമായ ദിവസം മാത്രമേ ഇവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കൂ. മറ്റ് ദിവസങ്ങളിൽ സ്വന്തം അവധികൾ ഇതിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്.
സർക്കാർ ജീവനക്കാരെ കൂടാതെ നിരവധി അംഗൻവാടി വർക്കർമാരും ബി.എൽ.ഒമാരായുണ്ട്. അംഗൻവാടികളിലെ ഭാരിച്ച ഉത്തരവാദിത്തത്തിനിടയാണ് ഈ അധിക ചുമതല. തങ്ങളെ ബി.എൽ.ഒ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ഇവർ നിരവധി നിവേദനം നൽകിയെങ്കിലും ഫലം കണ്ടിട്ടില്ല. അംഗൻവാടിയിലെ ജോലിക്കുശേഷം ഭവനസന്ദർശനം നടത്തിയാണ് ഇവർ തെരഞ്ഞെടുപ്പ, ചുമതല നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.