കോട്ടയം: പാർലമെന്‍റ് മണ്ഡലത്തിലെ 1258 ഭിന്നശേഷിക്കാർക്ക് ഇനി സഹായ ഉപകരണങ്ങളുടെ കൈതാങ്ങ്. കേന്ദ്ര സാമൂഹിക നീതി വകുപ്പിന്‍റെ എ.ഡി.ഐ.പി പദ്ധതിയിലുൾപ്പെടുത്തിയാണ് കാഴ്ചപരിമിതർക്ക് പ്രത്യേക സ്മാർട്ട്ഫോൺ അടക്കം 36 ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നത്. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമായ തോമസ് ചാഴികാടൻ എം.പിയുടെ ആവശ്യപ്രകാരമാണ് ജില്ല ഭരണകൂടത്തിന്‍റെ സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചത്. 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കേന്ദ്ര സർക്കാറിന്‍റെ കീഴിലുള്ള ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിങ് കോർപറേഷൻ (അലിംകോ) ലഭ്യമാക്കുന്നത്. അടുത്തഘട്ടമായി ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഉപകരണങ്ങൾ ലഭ്യമാക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്.
സാമൂഹിക നീതി വകുപ്പ്, ബ്ലോക്ക് പഞ്ചായത്തുകൾ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ്, ആർച് ബിഷപ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെ ബ്ലോക്ക്തലങ്ങളിൽ നടത്തിയ 12 ക്യാമ്പുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഉപകരണങ്ങൾ. 40 ശതമാനത്തിലധികം വൈകല്യമുള്ളവരെയാണ് ഇതിനായി പരിഗണിച്ചതെന്ന് തോമസ് ചാഴികാടൻ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാത്തവരെ ഉൾപ്പെടുത്താൻ അടുത്തഘട്ടമായി കൂടുതൽ ക്യാമ്പുകൾ നടത്തുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.30ന് കോട്ടയം ബി.സി.എം കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി നാരായണ വിതരണോദ്ഘാടനം നിർവഹിക്കും.
പാമ്പാടി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലെയും ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. മറ്റു ബ്ലോക്കുകളിലെ ഗുണഭോക്താക്കൾക്ക് അതത് ബ്ലോക്ക് ഓഫിസുകളിൽ ഉപകരണങ്ങൾ ലഭ്യമാക്കും. ചൊവ്വ- ളാലം ബ്ലോക്ക്, വ്യാഴം-വൈക്കം ബ്ലോക്ക്, ജൂൺ 10- കടുത്തുരുത്തി ബ്ലോക്ക്, 13 - ഉഴവൂർ ബ്ലോക്ക്, 14- മുളന്തുരുത്തി ബ്ലോക്ക്, 15- പാമ്പാക്കുട ബ്ലോക്ക് എന്നിങ്ങനെയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന തീയതികൾ. വാർത്തസമ്മേളനത്തിൽ അലിംകോ സീനിയർ മാനേജർ എ.പി. അശോക് കുമാർ, സാമൂഹിക നീതി വകുപ്പ് ജില്ല ഓഫിസർ ജോസഫ് റെബല്ലോ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.