കോട്ടയം: ചിലർ നിർവികാരരാണ്; മറ്റുചിലർ ഇടക്കിടെ നെടുവീർപ്പിടുന്നുണ്ട്. ശരീരത്തിലെ മുറിവുകൾ ഉണങ്ങും. നഷ്ടപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ മുറിവേറ്റ മനസ്സുകൾകൊണ്ട് ഇനി എന്തുചെയ്യാനാവും. ദുരന്തമറിഞ്ഞ് ഓടിയെത്തിയ മനഃശാസ്ത്രജ്ഞർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ ചോദ്യം. കൊക്കയാറിലും കൂട്ടിക്കലിലും നിരാശയുടെ പടുകുഴിയിലേക്ക് എറിയപ്പെട്ടവരുടെ ഈ സംശയത്തിന് അൽപംകൂടി ആഴമുണ്ടായിരുന്നു. ദുരന്തം നേരിട്ട് ബാധിച്ചവരുടെ അനേകമിരട്ടി വരും അതിന് ദൃക്സാക്ഷിയായതിെൻറ പേരിൽ മനസ്സ് പതറിയവർ. ദുരന്തബാധിതർക്കിടയിൽ മനഃശാസ്ത്ര പ്രഥമ ശുശ്രൂഷയുമായി എത്തിയ പീസ് വാലി ക്ലിനിക്കൽ ഡയറക്ടർ ഡോ. ഹേനയുടെ നേതൃത്വത്തിലുള്ള സംഘം ഏറെ പണിപ്പെട്ടാണ് ഓരോരുത്തരെയും സംസാരിക്കാനെങ്കിലും പാകത്തിലെത്തിക്കുന്നത്.
ദുരന്തം നേരിടേണ്ടിവരുന്നവരിൽ ഏതാനും ദിവസം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിൻഡ്രോം ഉണ്ടാകും. എന്നാൽ, അത് മാസങ്ങളോളം നീളുന്നത് അപകടകരമാണെന്ന് ഡോ. ഹേന പറയുന്നു. മുണ്ടക്കയം സി.എം.എസ് സ്കൂളിലെയടക്കം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയാണ് സംഘം സേവനം നൽകിയത്. തെൻറയും അനുജത്തിയുടെയും അനുജെൻറയും നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളെ കുറിച്ചോർത്ത് വിഷമിച്ച ആതിരയും അച്ഛൻ ഒഴുക്കിൽപെട്ടുപോകുന്നത് കാണേണ്ടിവന്ന കൂട്ടുകാരനെയോർത്ത് കരഞ്ഞ 12കാരൻ ഇഷാനും മുതൽ അനുയോജ്യമായ അടിവസ്ത്രങ്ങൾ പോലും ധരിക്കാതെ കഴിയേണ്ടിവരുന്ന നിസ്സഹായാവസ്ഥ പങ്കുവെച്ചവർ വരെ ക്യാമ്പിെൻറ വേദനയായി.
സർട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടതാണ് വിദ്യാർഥികളുടെയും കൗമാരക്കാരുടെയും ആശങ്ക. തൊഴിലും ജീവനോപാധികളും നഷ്ടമായതിെൻറ ആഘാതത്തിലാണ് മുതിർന്നവർ.
സാധാരണ ജീവിതത്തിലേക്ക് ഇനി എന്നാണ് മടങ്ങിയെത്താനാവുക എന്ന ആശങ്കയിലാണ് വീട്ടമ്മമാർ. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കൊപ്പം മാനസിക പ്രഥമ ശുശ്രൂഷക്കും തുല്യ പ്രാധാന്യം നൽകേണ്ടതിെൻറ പ്രസക്തിയാണ് ബോധ്യപ്പെടുന്നെതന്ന് ഡോ. ഹേന പറഞ്ഞു. ആസ്റ്റർ മെഡ്സിറ്റിയുമായി ചേർന്നുള്ള സഞ്ചരിക്കുന്ന ആശുപത്രിയും പീസ് വാലി സംഘത്തോടൊപ്പമുണ്ട്. മേഖലയിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രാഥമിക വൈദ്യസഹായം ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഡോ. ഫൈസൽ, ഡോ. അമാൻ നൗഷാദ്, യാസർ, റാഹത്ത്, അനുജ, ജമാൽ തുടങ്ങിയവരടങ്ങിയ സംഘമാണ് വേറിട്ട സേവനവുമായി ദുരന്തഭൂമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.