കോട്ടയം: നീണ്ട വരിയുള്ള ബൂത്തുകളിൽ കൂടുതൽ പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടും വോട്ടിങ് അവസാനിച്ചത് നിശ്ചിതസമയം കഴിഞ്ഞ്. 32 ബൂത്തുകളിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. എന്നിട്ടും പത്തിലധികം ബൂത്തുകളിൽ വോട്ടിങ് പൂർത്തിയായത് രാത്രി എട്ടോടെ. ആറുമണിക്കുശേഷം വരി നീണ്ടതോടെ ഗേറ്റ് അടച്ചു. തുടർന്ന് വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അവസരം നൽകുകയായിരുന്നു.
വോട്ടിങ്ങിനുശേഷം ഉദ്യോഗസ്ഥർ പ്രത്യേക വാഹനങ്ങളിൽ വോട്ടുയന്ത്രങ്ങൾ കോട്ടയം ബസേലിയോസ് കോളജിലെ സ്ട്രോങ് റൂമിലെത്തിച്ചു. ഇനി രണ്ടുനാൾ പുതുപ്പള്ളിയുടെ വിധി ഇവിടെ വിശ്രമിക്കും.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷക്ക് 32 സി.എ.പി.എഫ് അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 12 അംഗ സായുധ പൊലീസ് ബറ്റാലിയനും ഉണ്ടാകും. 74 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തിലും പോളിങ് സമാധാനപരമായിരുന്നു. നാലു ബൂത്ത് സെൻസിറ്റിവ് ബൂത്തായി കണ്ടെത്തിയിരുന്നെങ്കിലും എവിടെയും പ്രശ്നങ്ങളുണ്ടായില്ല.
രാവിലെ ആറിന് മോക് പോളിങ്ങിനുശേഷം ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും, മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും അവധി ഇല്ലാതിരുന്നതിനാൽ രാവിലെതന്നെ എത്തി വോട്ടുചെയ്തു. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ തകരാറിലായതും വേഗം കുറഞ്ഞതും പോളിങ്ങിനെ ബാധിച്ചു.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് അടക്കം നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. സ്ത്രീകളാണ് മണ്ഡലത്തിലെ വോട്ടർമാരിൽ അധികവും. 90,277 സ്ത്രീ വോട്ടർമാരിൽ 64,538 പേർ വോട്ടുചെയ്തു. നാല് ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി. വികസന പിന്നാക്ക മണ്ഡലമായ പുതുപ്പള്ളിയിൽ പുതിയ പുതുപ്പള്ളി എന്ന എൽ.ഡി.എഫിന്റെ ആഹ്വാനം വോട്ടർമാർ നെഞ്ചിലേറ്റിയതായി ജില്ല കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.
1980ൽ എൽ.ഡി.എഫ് വിജയിച്ചതും പിന്നീട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സുരേഷ് കുറുപ്പ് ലീഡ് ചെയ്തതുമായ മണ്ഡലമാണ് പുതുപ്പള്ളി എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടുമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. ഇടതു സർക്കാറിന്റെ കർഷക വഞ്ചനക്കും ജനദ്രോഹ നടപടികൾക്കുമെതിരെ ശക്തമായ താക്കീത് നൽകുന്ന വിധിയെഴുത്താണ് ജനങ്ങൾ നടത്തിയിരിക്കുന്നതെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.