കോട്ടയം: ‘പേടിക്കണ്ടാ ധൈര്യമായി പോരെ’ സൂര്യസുബ്രഹ്മണ്യ നമ്പൂതിരി അത് പറഞ്ഞങ്കിലും പാപ്പാൻ ബിനുകൂടി ഉറപ്പിച്ച് പറഞ്ഞപ്പോഴാണ് ഗജവീരൻ പുതുപ്പള്ളി സാധുവിന്റെ സമീപത്തേക്ക് പഴവുമായി ചാണ്ടി ഉമ്മൻ ചെന്നത്. പ്രശ്നക്കാരനല്ലെന്ന് മനസ്സിലായപ്പോൾ പഴം കൊടുക്കൽ കൂടി. സൂര്യകാലടി മനയിൽ നടന്ന വിനായക ചതുർഥി ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ ഞായറാഴ്ചയിലെ പ്രചാരണം. വള്ളിക്കാട്ട് ദയറാ, പുതുപ്പള്ളി എസ്.എൻ.ഡി.പി ഓഫിസ്, വാകത്താനം സെന്റ് ആദായീസ് ജാക്കോബായ് സുറിയാനി പള്ളി, വെള്ളൂർ ഇന്ത്യ പെന്തക്കോസ്റ്റ് ദൈവസഭ, കുറ്റിക്കൽ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മണർക്കാട് ശ്രീ ഭഗവതി ക്ഷേത്രം, സെന്റ് ജോർജ് കാത്തലിക് ചർച്ച്, താബോർ വർഷിപ് സെൻറർ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
വാകത്താനം പഞ്ചായത്തിലെ തോട്ടയ്ക്കാട് ചന്തയിൽ നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ ഞായറാഴ്ചത്തെ പ്രചാരണം തുടങ്ങിയത്.
ചന്തയിലെ കടകളിൽ കയറിയും പരിചയക്കാരെ പേരെടുത്ത് വിളിച്ചുമായിരുന്നു വോട്ടുതേടൽ. തോട്ടയ്ക്കാട് നിന്ന് പാമ്പാടിയിലെത്തിയ സ്ഥാനാർഥി ആരാധനാലയങ്ങളും ക്ഷേത്രങ്ങളുമൊക്കെ സന്ദർശിച്ച ശേഷം പാമ്പാടി എസ്.എൻ.ഡി.പി യോഗത്തിലെത്തി ഇവിടെയുണ്ടായിരുന്നവരെ കണ്ടു.
പിന്നീട് ഇലകൊടിഞ്ഞിയിൽ ഗൃഹസന്ദർശനം നടത്തി. ഉച്ചക്കു ശേഷം പുതുപ്പള്ളിയിലെ നാടൻ പന്തുകളി മത്സര സ്ഥലത്തെി ആവേശത്തിനൊപ്പം ചേർന്നു. പിന്നീട് മണർകാട് പള്ളിയിൽ കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവയുടെ സ്വീകരണ ചടങ്ങിലും പെങ്കടുത്തു. വൈകീട്ട് പുതുപ്പള്ളിയിലെ വിവിധ പരിപാടികളിലും പങ്കെടുത്തു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ രണ്ടാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് അത്തംനാളിൽ തുടക്കമിട്ടു. വിനായക ചതുർഥി ദിനം കൂടിയായ ഞായറാഴ്ച മള്ളിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് മണർകാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി പ്രവർത്തകർക്കൊപ്പം പൂക്കളം ഇട്ടു. അകലക്കുന്നം പഞ്ചായത്തിലായിരുന്നു സന്ദർശനം. വീടുകളിലും കടകളിലും എത്തി വ്യക്തിപരമായും കുടുംബങ്ങളോടും വോട്ട് അഭ്യർഥിച്ചു. ചെങ്ങളം പള്ളി വികാരി ഫാ. ജോർജ് ആലുങ്കലിനെ സന്ദർശിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ലിജിൻ ലാൽ പറഞ്ഞു. വൈകീട്ട് എൻ.ഡി.എയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു.
കോട്ടയം: യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഭരണകാലം താരതമ്യം ചെയ്ത് പുതുപ്പള്ളിയിൽ എൽ.ഡി.എഫിന്റെ വികസനസന്ദേശറാലി. ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു റാലിയും സദസ്സും സംഘടിപ്പിച്ചത്.
2006ൽ യു.ഡി.എഫിന്റെ ഭരണകാലത്ത് ക്ഷേമപെൻഷൻ 120 രൂപയായിരുന്നു. അതും കുടിശ്ശികയായിരുന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഇത് 1600 രൂപയാക്കി ഉയർത്തിയെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിന് മാറ്റം വരുത്താൻ എൽ.ഡി.എഫ് വേണ്ടിവന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിൽ ഏഴുകോടി രൂപയാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കായി കൊടുത്തത്. എൽ.ഡി.എഫ് സർക്കാർ കൊടുത്തത് 35 കോടി. വികസനത്തിന് തുരങ്കം വെക്കുന്ന രാഷ്ട്രീയമാണ് യു.ഡി.എഫിന്റേത്. ഇതാണ് പുതുപ്പള്ളിയിൽ ചർച്ച ചെയ്യുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി, എൽ.ഡി.എഫ് നേതാക്കളായ രാമചന്ദ്രൻ കടന്നപ്പള്ളി, പി.കെ. ബിജു, കെ. അനിൽകുമാർ, എ.വി. റസ്സൽ, വി.ബി. ബിനു, പ്രഫ. ലോപ്പസ് മാത്യു, കെ.എം. രാധാകൃഷ്ണൻ, സണ്ണിതോമസ്, കെ.ആർ. രാജൻ, സുഭാഷ് പി. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.