കോട്ടയം: നഗരം ഇളക്കിമറിച്ച് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. വാദ്യമേളങ്ങളും കൊട്ടും ആർപ്പുവിളികളും മുദ്രാവാക്യം വിളികളുമായി പ്രകമ്പനം കൊള്ളിക്കുന്ന കൊട്ടിക്കലാശം മുന്നണികളുടെ ശക്തിപ്രകടനം കൂടിയായി. മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്പാടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശം നടത്തിയത്. പ്രചാരണത്തിലെ വീറും വാശിയും കൊട്ടിക്കലാശത്തിലും തുടരാൻ മത്സരിക്കുകയായിരുന്നു മുന്നണികൾ. സ്ത്രീകളടക്കമാണ് ആടിയും പാടിയും പൂത്തിരി കത്തിച്ചും സമാപനത്തിൽ പങ്കാളികളായത്. പാർട്ടിക്കൊടികൾക്കും വർണ ബലൂണുകൾക്കുമൊപ്പം ഉമ്മൻ ചാണ്ടിയുടെ പോസ്റ്ററുകളും ഉയർന്നു. കേരളത്തിന്റെ വിവിധയിടങ്ങളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കളും വോട്ടർമാരും ഇവിടെ എത്തിയിരുന്നു. രാവിലെതന്നെ പ്രവർത്തകർ പാമ്പാടിയിൽ തമ്പടിച്ചുതുടങ്ങി. ഉച്ചയോടെ പാമ്പാടി ബസ് സ്റ്റാൻഡ് പരിസരം ജനസമുദ്രമായി.
ആദ്യമായാണ് പുതുപ്പള്ളി ഇത്തരമൊരു കൊട്ടിക്കലാശം കാണുന്നത്. തെരഞ്ഞെടുപ്പുകാലത്ത് സാധാരണ കുറച്ചുദിവസത്തെ പ്രചാരണം കഴിഞ്ഞാൽ ബാക്കി ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി മറ്റ് മണ്ഡലങ്ങളിലേക്കു പോകാറാണ് പതിവ്. സ്ഥാനാർഥിയില്ലാത്തിനാൽ കാര്യമായ കൊട്ടിക്കലാശം ഉണ്ടാവാറില്ല. ആ ക്ഷീണമെല്ലാം തീർത്താണ് ഇത്തവണ പ്രചാരണം കൊട്ടിക്കലാശിച്ചത്. കനത്ത പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായി. സ്ഥാനാർഥികളായ ജെയ്ക് സി. തോമസും ലിജിൻലാലും കൊട്ടിക്കലാശത്തിൽ പങ്കെടുത്തെങ്കിലും ചാണ്ടി ഉമ്മൻ ഇതേസമയം മണ്ഡലത്തിൽ ഓടിയും നടന്നും വോട്ടുതേടുകയായിരുന്നു.
റോഡ് ഷോക്കുശേഷമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി.തോമസ് പാമ്പാടിയിൽ പ്രചാരണ സമാപനത്തിന് എത്തിയത്. ഉച്ചക്ക് പന്ത്രണ്ടിന് വാകത്താനത്ത് നിന്നാരംഭിച്ച റോഡ് ഷോ തോട്ടയ്ക്കാട്, മീനടം, വെട്ടത്തു കവല, പുതുപ്പള്ളി, മണർകാട്, അയർകുന്നം, മറ്റക്കര, പൂവത്തിളപ്പ്, മൂഴൂർ, കണ്ണാടിപ്പാറ, പാറാമറ്റം, ഏഴാം മൈൽ എന്നീ പ്രദേശങ്ങളിലൂടെയാണ് കടന്ന് പോയത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. സി.പി.എം പുതുപ്പള്ളി എരിയ സെക്രട്ടറി സുഭാഷ്.പി.വർഗീസ്, ഡി.വൈ.എഫ്.ഐ നേതാക്കളായ വി.കെ. സനോജ്, വി. വസീഫ് തുടങ്ങിയവരും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു.
ജെയ്ക്കിന്റെ ചിത്രം പതിപ്പിച്ച ടീ ഷർട്ട് അണിഞ്ഞായിരുന്നു യുവാക്കൾ കൊട്ടിക്കലാശത്തിൽ ഒപ്പം ചേർന്നത്. പ്രചാരണം അവസാനിക്കാൻ പതിനഞ്ച് മിനിറ്റ് ബാക്കി നിൽക്കെ ജെയ്ക് പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ചാണ്ടി ഉമ്മൻ രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാർഥനക്കു ശേഷം മണർകാട് സെന്റ് മേരീസ് ദേവാലയത്തിലും മണർകാട് ദേവീക്ഷേത്രത്തിലുമെത്തി. തോട്ടക്കാട് അമ്പല കവല ചന്തയിൽ കടകൾ കയറിയും ആളുകളെ നേരിൽകണ്ടും വോട്ടഭ്യർഥിച്ചു. മണ്ഡലത്തിലെ വിവിധ മരണവീടുകളും കല്യാണവീടുകളും സന്ദർശിച്ചു. തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനൊപ്പം പാമ്പാടി കവലയിലെ കടകളിൽ കയറി. മണർകാട് കവലയിൽ ശശി തരൂർ എം.പിയും പ്രചാരണത്തിൽ പങ്കുചേർന്നു. തുടർന്ന് അയർക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിൽ വോട്ടുതേടി. രാവിലെ തുത്തൂട്ടി ജങ്ഷൻ മുതൽ തിരുവഞ്ചൂർ കുരിശുപള്ളി ജങ്ഷൻ വരെ ശശി തരൂരിന്റെ റോഡ് ഷോ ഉണ്ടായിരുന്നു. ജെബി മേത്തർ എം.പി, ഉമ തോമസ് എം.എൽ.എ എന്നിവരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. എൻ.ഡി.എ സ്ഥാനാർഥി ലിജിൻലാൽ അവസാനദിവസം കഴിയുന്നത്ര വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചയോടെ പഞ്ചായത്തുകളിലൂടെ റോഡ് ഷോ ആരംഭിച്ചു. കൂരോപ്പടയില്‍ നിന്നായിരുന്നു കൊട്ടിക്കലാശ വേദിയിലേക്കുള്ള യാത്ര. ക്രെയിനിലേറിയാണ് എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പി പ്രവർത്തകരുടെ ആവേശം ഉയർത്തിയത്.
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി ആയിരിക്കും. പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യസംരംഭങ്ങൾ-സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധിയായിരിക്കും.
മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്. പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാലിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളജിന് നാലു മുതൽ എട്ടുവരെ അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.