കോട്ടയം: ഓണാഘോഷങ്ങൾക്കിടയിലൂടെ ആയിരുന്നു പുതുപ്പള്ളിയിലെ സ്ഥാനാർഥികളുടെ പ്രചാരണം. ഓണാഘോഷത്തിൽ പങ്കെടുത്തും പായസം വിളമ്പിയും ഒരുമിച്ച് ചിത്രമെടുത്തും സ്ഥാനാർഥികൾ വോട്ടർമാരെ കൈയിലെടുത്തു.
എല്ലായിടത്തും കുട്ടികളും സ്ഥാനാർഥികളെ സ്വീകരിക്കാനുണ്ടായിരുന്നു.
മണർകാട് പഞ്ചായത്തിലെ കണ്ടൻകാവിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ പ്രചാരണം ആരംഭിച്ചത്. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.
വെള്ളൂരിൽ ഒരു കൂട്ടം കുട്ടികളാണ് ചാണ്ടി ഉമ്മന് ആശംസ നേരാൻ വന്നത്. വന്നവരെ എല്ലാം ഷാൾ അണിയിക്കാനും വോട്ട് ചാണ്ടി ഉമ്മന് തന്നെ എന്ന് വീട്ടിൽ പറയാനും സ്ഥാനാർഥി അവരെ ഓർമിപ്പിച്ചു.
കിഴക്കേടത്ത്പടി വഴി പര്യടനം കടന്നുപോകുമ്പോൾ കുട്ടികളായ ഏബലും അഡോണും ചാണ്ടി ഉമ്മന് അടുത്തേക്ക് എത്തിയത് ബുക്കും പേനയുമായാണ്. ഓട്ടോഗ്രാഫ് വേണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇരുവരെയും ഷാൾ അണിയിച്ച് ഓട്ടോഗ്രാഫും നൽകിയാണ് മുന്നോട്ടുനീങ്ങിയത്. ഓണാവധിയായതുകൊണ്ടുതന്നെ പര്യടനം കടന്നുപോകുന്ന ഓരോ വഴിയിലും സ്ഥാനാർഥിക്കൊപ്പം സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും നിരവധി കുട്ടികളാണ് കാത്തുനിന്നത്. പാറക്കുളം, മാലം പാലം, കാവുംപടി, കോട്ടമുറി, കൈതമറ്റം, കടുവാക്കുഴി, കുന്നേൽപടി പിന്നിട്ട് മണർകാട് കവലയിൽ പര്യടനം അവസാനിച്ചു.
എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ മണർകാട് നാലുമണിക്കാറ്റിന് സമീപം ബി.എം.എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തായിരുന്നു ഉത്രാടദിനത്തിലെ സന്ദർശനം ആരംഭിച്ചത്. ഇവിടെ ഓണനാളിന്റെ സ്മൃതിയായി തെങ്ങിൻ തൈ നട്ടു.
രാവിലെ എൻ.ഡി.എ മണർകാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ അയ്യൻകാളി ജയന്തി ആഘോഷത്തിൽ പങ്കെടുത്തശേഷം പഞ്ചായത്തിലെ ഗൃഹസമ്പർക്ക പരിപാടികളിൽ പങ്കെടുത്തു.
മീനടം ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ഡാൻസ് ഗ്രൂപ്പിന്റെ ഓണാഘോഷ പരിപാടികളിലും വിവാഹങ്ങളിലും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.