കോട്ടയം: വീട്ടുജോലിക്കും കുട്ടികളെ നോക്കാനും വിശ്വസ്തരായ സ്ത്രീകളെ തേടുകയാണോ...ഇനി അധികം അലയണ്ട. കുടുംബശ്രീയുടെ ക്വിക്ക് സെർവ് പദ്ധതി ജില്ലയിലാദ്യമായി വനിത ദിനത്തിൽ കോട്ടയം മുനിസിപ്പാലിറ്റിയിലും തുടങ്ങിയിരിക്കുന്നു.
വീട്ടുജോലി, ഗൃഹശുചീകരണം, ഓഫിസ് ശുചീകരണം, പാചകം, കിടപ്പുരോഗികളുടെയും കുട്ടികളുടെയും വയോധികരുടെയും പരിചരണം, പ്രസവാനന്തര ശുശ്രൂഷ എന്നിവയിലാണ് ആദ്യഘട്ടം ജോലിക്കാരെ തയാറാക്കിയിട്ടുള്ളത്. അടുത്ത ഘട്ടം ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഗൃഹശുചീകരണം, കാർ വാഷിങ് എന്നിവ തുടങ്ങും. 26 പേരടങ്ങിയ ടീമാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ മാത്രമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളതെങ്കിലും ജില്ലയിൽ എവിടെയുള്ളവർക്കും ജോലിക്കാരെ ലഭിക്കും. മാറി വരുന്ന നഗരജീവിതസാഹചര്യങ്ങളെ നേരിടുന്നതിന് കുടുംബങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പദ്ധതി അവതരിപ്പിക്കുന്നത്.
നോർത്ത്, സൗത്ത് സി.ഡി.എസുകളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. സി.ഡി.എസ് ചെയർപേഴ്സൻമാർ, നഗരസഭ സെക്രട്ടറി, ജില്ല മിഷൻ കോഓഡിനേറ്റർ എന്നിവരടങ്ങിയ മാനേജ്മെന്റ് കമ്മിറ്റിയാണ് ക്വിക്ക് സെർവിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക.
പദ്ധതി ഉദ്ഘാടനം ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷേബ മാർകോസ്, കൗൺസിലർമാരായ സിന്ധു ജയകുമാർ, ദിവ്യ സുജിത്ത്, ഷൈനി, ജാൻസി ജേക്കബ്, ജിഷ ജോഷി, സി.ഡി.എസ് അധ്യക്ഷരായ പി.ജി. ജ്യോതിമോൾ, നളിനി ബാലൻ, മെംബർ സെക്രട്ടറി ടി.എ. തങ്കം, സിറ്റി പ്രൊജക്ട് ഓഫിസർ ടി. പ്രകാശ്, എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ ടോണി ജോസ്, കമ്മ്യൂനിറ്റി ഓർഗനൈസർ ബിന്ദു കെ. നായർ, ബിന്ദു ശിവൻ, ഉഷ മോനിച്ചൻ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.