ചങ്ങനാശ്ശേരി: സബ് ജില്ല കലോത്സവത്തില്‍ അറബിവിഭാഗം മത്സരങ്ങളില്‍ ഓവറോള്‍ വിജയികളാകുന്ന സ്കൂളിന് നല്കാന് 22 വര്‍ഷം മുമ്പ് തന്റെ മാതാവിന്റെ സ്മരണാർഥം ഏര്‍പ്പെടുത്തിയ ട്രോഫി നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ സംസ്കാരിക പ്രവര്‍ത്തകനും കവിയുമായ രാജ അബ്ദുൽ ഖാദര്‍ നടത്തിയ നിയമപോരാട്ടവും ഒടുവില്‍ നടപ്പിലാക്കിയ വിധിയും വ്യത്യസ്തമാകുന്നു.
2001ല്‍ കലോത്സവം സംഘാടകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മാതാവ് ഹലീമ ബീവിയുടെ പേരില്‍ കലോത്സവം രജിസ്റ്ററില്‍ രേഖപ്പെടുത്തി എവർറോളിങ് ട്രോഫി നല്‍കിയത്. ഇത് ഓരോ വര്‍ഷവും വിജയികളാകുന്ന സ്കൂളുകള്‍ ഏറ്റുവാങ്ങുകയും തിരിച്ച് വിദ്യാഭ്യാസവകുപ്പിന് കൈമാറുകയുമായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ നടന്ന കലോത്സവത്തില്‍ ഈ ട്രോഫി സംഘാടകരോട് അന്വേഷിച്ചെങ്കിലും മാന്യമായ പ്രതികരണം ലഭിച്ചില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃക്കൊടിത്താനം വി.ബി.യു.പി സ്കൂളിനാണ് ട്രോഫി ലഭിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജില്ല വിദ്യാഭ്യാസ ഓഫിസറെയും, ഉപജില്ല വിദ്യാഭ്യാസ ഓഫിസറെയും പ്രതിചേര്‍ത്ത് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഒടുവിൽ ഒരു മാസത്തിനകം ട്രോഫിയോ, നഷ്ടപരിഹാരമോ ഹരജിക്കാരന് നല്കാൻ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസില്‍ നടത്തിയ യോഗത്തില്‍ നഷ്ടപരിഹാരമായി പതിനായിരം രൂപ നിശ്ചയിക്കുകയും ഈ തുക വി.ബി.യു.പി സ്കൂള്‍ അധികൃതര്‍ നല്‍കണമെന്നും ഉന്നയിച്ചു.
എന്നാല്‍, തുക ഉപയോഗിച്ച് സ്കൂളിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങണമെന്നും ഇതിലേക്ക് തന്റെ വകയായി പതിനായിരം രൂപയും കൂടി നല്‍കാം എന്ന നിർദേശം കൂടി രാജ മുന്നോട്ടുവെച്ചതോടെ സ്കൂള്‍ അധികൃതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അമ്പരപ്പുമായി. ഈ കരാര്‍ പൂര്‍ണമനസ്സോടെ അംഗീകരിച്ച ഇരുകൂട്ടരും രേഖാമൂലം എഴുതി ഒപ്പുവെച്ചതോടെ കോടതി നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കിയതെന്നും ഇത്തരം അനാസ്ഥ വരുത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പിനാണ് ഈ നിയമപോരാട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.