കോട്ടയം: ചെമ്പ് കാട്ടിക്കുന്നിൽ പ്രവർത്തിക്കുന്ന റിസോർട്ട് നിർമിച്ചത് തീരദേശ പരിപാലനചട്ടം ലംഘിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള റിസോർട്ട് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയിലാണെന്നും ഇത് നിയമവിരുദ്ധമാണെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഗ്രീൻ ഐലൻഡ് റിസോർട്ടിനെതിരെയാണ് റിപ്പോർട്ട്. തീരത്തുനിന്ന് 50 മീറ്റർ വിട്ടുവേണം കെട്ടിടം നിർമിക്കാനെന്നാണ് ചട്ടം. എന്നാൽ, ഈ കെട്ടിടം ഇത് ലംഘിച്ചെന്ന് വ്യക്തമായതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തേയുണ്ടായിരുന്ന ചെറിയ കെട്ടിടത്തിന്റെ സ്ഥാനത്ത് റിസോർട്ട് പണിയുന്നതിനായുള്ള അനുമതി ചെമ്പ് പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് നേടിയെടുത്തതെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി ലഭിച്ചതായും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. തീരദേശ പരിപാലനചട്ടത്തിന്റെ പരിധിയിലായതിനാൽ
ഇവിടെ കെട്ടിടം നിർമിക്കുന്നതിന് പെർമിറ്റ് നൽകാൻ കഴിയില്ല. എന്നാൽ, വേണ്ടത്ര പരിശോധന നടത്താതെ പെർമിറ്റ് നൽകി. ഇതിൽ അഴിമതി നടന്നിട്ടുണ്ട്.നിർമാണം നടന്നുകൊണ്ടിരിക്കെ അനധികൃതമാണെന്ന് പരാതി ഉയർന്നതോടെ 2022ൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി. എന്നാൽ, ഇത് ലംഘിച്ച് നിർമാണം പൂർത്തിയാക്കുകയായിരുന്നുവെന്നും വിജിലൻസ് പറയുന്നു.
1500 സ്ക്വയർ ഫീറ്റുള്ള കെട്ടിടം നിർമിക്കാൻ മാത്രമായിരുന്നു പെർമിറ്റ് അനുവദിച്ചത്. എന്നാൽ, 5000 സ്ക്വയർ ഫീറ്റുള്ള കെട്ടിടമാണ് നിർമിച്ചത്. ഇത് പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ചെമ്പ് പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരവീഴ്ച വന്നതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പരിശോധന റിപ്പോർട്ട് തുടർനടപടികളായി വിജിലൻസ് ഡയറക്ടർക്ക് കൈമാറി.വിജിലൻസ് സി.ഐ ഇ.എസ്. ആൻസിൽ, എസ്.ഐമാരായ വി.എം. ജെയ്മോൻ, പ്രസാദ്, എ.എസ്.ഐ കെ.പി. രഞ്ജിനി, സി.പി.ഒ അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.