കോട്ടയം: ഇടവേളക്കുശേഷം റബർ വില വീണ്ടും 200ൽ. വ്യാഴാഴ്ച ആർ.എസ്.എസ് നാല് ഗ്രേഡ് ഷീറ്റിന് റബർ ബോർഡ് 198 രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും ചിലയിടങ്ങളിൽ 200 രൂപക്ക് കച്ചവടം നടന്നു. ബുധനാഴ്ച വ്യാപകമായി 200 രൂപക്ക് കോട്ടയത്ത് വിൽപന നടന്നിരുന്നു.
രണ്ട് മാസങ്ങൾക്കുശേഷമാണ് ഷീറ്റിന്റെ വില 200 കടക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ജൂണ്‍ പത്തിനാണ് റബര്‍ വില 200 കടന്നത്. ആ മുന്നേറ്റം ആഗസ്റ്റ് ഒമ്പതിന് 247 രൂപയിലെത്തി റെക്കോഡ് കുറിച്ചു. എന്നാല്‍, പിന്നീട് വില ഇടിഞ്ഞ് 164 രൂപയിലേക്ക് എത്തുകയായിരുന്നു. ഇവിടെനിന്ന് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വില ഉയരുകയായിരുന്നു.
റബറിന് ക്ഷാമം അനുഭവപ്പെടുന്നതാണ് വില ഉയരാൻ കാരണം. ടയർ കമ്പനികൾ റബർ വാങ്ങാൻ താൽപര്യം കാട്ടിയതും ആഭ്യന്തരവിപണിയിൽ പ്രതിഫലിച്ചു. അന്താരാഷ്ട്രവിപണിയിലും വില ഉയർന്നനിലയിലാണ്.
ഉൽപാദക രാജ്യങ്ങളിൽ കനത്തമഴയെത്തുടർന്ന് ടാപ്പിങ് നിലച്ചതാണ് വിലക്കയറ്റത്തിന് കാരണം. രണ്ടുമാസമായി അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്ന ചരക്കിന്റെ അളവിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വില 230 രൂപവരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
നേരത്തെ വലിയതോതിൽ റബർ ഇറക്കുമതി ചെയ്ത സ്റ്റോക്ക് ചെയ്ത ടയർകമ്പനികൾ, ചരക്കെടുപ്പിൽനിന്ന് വിട്ടുനിന്നത് കേരളത്തിൽ കർഷകപ്രതിഷേധത്തിന് കാരണമായിരുന്നു. ആഭ്യന്തരവിപണിയിൽനിന്ന് കുറഞ്ഞ നിരക്കിൽ ഷീറ്റ് ലഭ്യമായിട്ടും വിലയിടിക്കാൻ ലക്ഷ്യമിട്ട് ഇവർ വലിയതോതിൽ ഇറക്കുമതി നടത്തുകയായിരുന്നു. ഇതോടെ ഉൽപാദന ചെലവായ 200 രൂപ ലഭിക്കുംവരെ വിപണി ബഹിഷ്കരിക്കാന്‍ റബര്‍ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷനല്‍ കണ്‍സോർട്യം ഓഫ് റീജനല്‍ ഫെഡറേഷന്‍സ് ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിസ് ഇന്ത്യ (എൻ.സി.ആര്.പി.എസ്) തീരുമാനിച്ചു.
200 രൂപ ലഭിക്കുംവരെ റബര്‍ ഷീറ്റ്, ലാറ്റക്സ്, ഒട്ടുപാല് എന്നിവയുടെ വില്പന നിര്‍ത്തിവെക്കണമെന്ന് ഇവർ കര്‍ഷകരോട് ആവശ്യപ്പെട്ടു. ഇത് ഏറ്റെടുത്ത പല കർഷകരും വിപണിയിൽനിന്ന് വിട്ടുനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണവും നടത്തിവരുകയായിരുന്നു.
വില ഉയർന്നെങ്കിലും തൽക്കാലം സമരം നിർത്തേണ്ടതില്ലെന്നാണ് എൻ.സി.ആര്.പി.എസിന്റെ തീരുമാനം. വില സ്ഥിരമായി നിലനിൽക്കുന്ന സാഹചര്യം സൃഷ്ടിക്കുംവരെ പ്രക്ഷോഭം മുന്നോട്ടുകൊണ്ട് പോകാനാണ് ധാരണ. വിപണിയുടെ തുടർചലനങ്ങൾ അനുസരിച്ചാകും പ്രക്ഷോഭം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.