കോട്ടയം: പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം നിലച്ചതോടെ റബർവിലയിൽ നേരിയ വർധന. വിപണിയിൽ റബർ എത്താതായതോടെ വ്യാപാര മേഖലയും നിശ്ചലമായി.
മഴ ശക്തമാകുംമുമ്പ് വില ഇടിക്കാനുള്ള നീക്കത്തിലായിരുന്നു ടയർ കമ്പനികളെങ്കിലും റബർ ലഭിക്കാത്ത സാഹചര്യം വന്നതോടെ ഇപ്പോൾ വില ഉയർത്താനുള്ള നടപടികളിലാണ് ടയർ ലോബി. ആർ.എസ്.എസ്-നാലിന് 172 രൂപയും അഞ്ചാം േഗ്രഡിന് 164-170 രൂപയുമാണ് കഴിഞ്ഞ ദിവസത്തെ വിപണിവില.
അതേസമയം മഴ ശക്തമാകുന്ന സാഹചര്യത്തിൽ റബർ ഉൽപാദനത്തിൽ വൻ കുറവുണ്ടാകുമെന്ന് കർഷകരും വ്യാപാരികളും വ്യക്തമാക്കുന്നു. മേയ്-ജൂൺ മാസങ്ങളിൽ കുറഞ്ഞത് 15000 ടണ്ണിെൻറ വരെ കുറവാകും രേഖപ്പെടുത്തുക. അതിനിടെ രാജ്യാന്തര മാർക്കറ്റിലും വില ഉയരുകയാണ്. ബാങ്കോക്കിൽ ആർ.എസ്.എസ് നാലിന്-173ഉം ടോക്കിയോയിൽ 170 രൂപയുമാണ് വില. ലോക്ഡൗൺ കഴിഞ്ഞാൽ ആഭ്യന്തര വിപണിയിൽ ഇനിയും വില ഉയരുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. എന്നാൽ, മഴ തുടർന്നാൽ അതിെൻറ പ്രയോജനം കർഷകർക്ക് ലഭിക്കാതാകും.
കാലവർഷം മേയ് 30ന് ആരംഭിക്കുമെന്ന മുന്നറിയിപ്പ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കും. റബർ ഉൽപാദനം കുറയുന്നത് ചെറുകിട കർഷകരെയാണ് ദുരിതത്തിലാക്കുക. ഇടതുസർക്കാർ ആദ്യം റബറിന് 170 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. പിന്നീടത് 250 രൂപയായി ഉയർത്തി. വില ഇപ്പോഴും കുറഞ്ഞുനിൽക്കുന്നതിനാൽ താങ്ങുവില പ്രഖ്യാപനം നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകും. കനത്ത മഴയും കോവിഡ് നിയന്ത്രണങ്ങളും റബർ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കർഷകരും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
അതിനാൽ താങ്ങുവില നൽകാൻ നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടാകുമെന്ന സൂചനയാണ് റബർ ബോർഡും നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.