ഏറ്റുമാനൂര്‍: 80 ഏക്കർ വരുന്ന നെല്പാടം സംരക്ഷിക്കാൻ ഇറങ്ങിത്തിരിച്ച കരാർ പണിക്കാരന് രണ്ടുവര്‍ഷമായിട്ടും കൂലി കിട്ടിയില്ല. കൂലിക്കായി കൃഷി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് വൈക്കം ഉല്ലല സ്വദേശി സി.എം. സേവ്യര്‍. ഏറ്റുമാനൂരിലെ പാടശേഖരങ്ങളായ ചെറുവാണ്ടൂര്‍ പുഞ്ചപ്പാടവും പേരൂര്‍ പുഞ്ചപ്പാടവും 2022 ജനുവരിയില്‍ മഴയില്‍ മുങ്ങി കൃഷി നശിക്കുമെന്ന അവസ്ഥയിലാണ് പാടശേഖരസമിതിയും കൃഷി ഓഫിസറും കരാറുകാരനായ സേവ്യറെ സമീപിക്കുന്നത്. ഇവരുടെ വാക്കുകേട്ട് പണി ഏറ്റെടുക്കുകയായിരുന്നു. ചെറുവാണ്ടൂർ തോട് ആരംഭിക്കുന്ന പാലാ റോഡ് ഭാഗം മുതൽ മീനച്ചിലാർ വരെ ഒരു കിലോമീറ്റർ തോടിന്റെ ആഴം കൂട്ടിയാണ് വെള്ളപ്പൊക്കസാധ്യത ഒഴിവാക്കിയത്. മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയാണ് നിർമാണോദ്ഘാടനം നടത്തിയത്.
മണിക്കൂറിന് 1700 രൂപ വാടക ഉറപ്പിച്ചാണ് പണി ആരംഭിച്ചത്. ഈ ഇനത്തിൽ മാത്രം ഏഴര ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. കൃഷിവകുപ്പാണ് പണം നൽകേണ്ടത്. അന്നുമുതൽ കൂലിക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് സേവ്യർ. കൃഷി സംരക്ഷിക്കാൻ കലക്ടറുടെ നിർദേശത്തെ തുടർന്ന് 50,000 രൂപവരെ ഫണ്ട് അനുവദിക്കാറുണ്ട്. എന്നാൽ, കരാറുകാരൻ വലിയ തുകക്കുള്ള ജോലികളാണ് ചെയ്തത്. വിഷയം കൃഷിവകുപ്പിന്റെ പരിഗണനയിലാണെന്ന് ഏറ്റുമാനൂര്‍ കൃഷി ഓഫിസര്‍ ഷിജി മാത്യു പറഞ്ഞു.
കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തമ്മിലെ ശീതസമരത്തിന്റെ ഭാഗമായാണ് പണം അനുവദിക്കാത്തതെന്നാണ് സേവ്യർ പറയുന്നത്. പണം ലഭിക്കാതെ വന്നപ്പോൾ പാടശേഖരസമിതികളും വിഷയത്തിൽ ഇടപെട്ടു. ഇതേതുടർന്ന് പ്രകൃതിക്ഷോഭത്തിന്റെ പട്ടികയിൽപെടുത്തി തുച്ഛമായ തുക അനുവദിക്കാമെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഈ തുക കൊണ്ട് ഒന്നും ആവില്ലെന്നും പണിക്കാർക്കും ഡീസലിനും കൊടുത്ത കാശെങ്കിലും തരണമെന്നാണ് അപേക്ഷ. വണ്ടിയുടെ സി.സിയും ബാങ്ക് കുടിശ്ശികയും മുടങ്ങി ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സേവ്യർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.