കോട്ടയം: ചെറുവള്ളി എസ്റ്റേറ്റ് ശബരി വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) റിപ്പോർട്ട് മലയോരമേഖലയുടെ വികസന സ്വപ്നങ്ങൾക്കും ലക്ഷക്കണക്കിന് തീർഥാടകരുടെ പ്രതീക്ഷകൾക്കും തിരിച്ചടിയാകുന്നു. കോടതി കേസുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും സ്ഥലമേറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് ജനങ്ങളുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തി ഡി.ജി.സി.എയുടെ റിപ്പോർട്ട്.
അമേരിക്കയിലെ ലൂയി ബർഗർ കൺസൾട്ടൻസിയും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും (കെ.എസ്.ഐ.ഡി.സി) ചേർന്നാണ് സാങ്കേതികസാധ്യത പഠനറിപ്പോർട്ട് തയാറാക്കിയത്. ഇതിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയുടെ അഭിപ്രായം തേടുകയായിരുന്നു. 2020 ജൂണിലാണ് വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റിെൻറ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് നോഡല്‍ ഏജന്‍സിയായി സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനെ ഏല്പിക്കുകയും നിര്‍മാണച്ചുമതല കൈമാറുകയും ചെയ്തിരുന്നു.
കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ആറു സ്ഥലമാണ് ആദ്യഘട്ടത്തിൽ വിമാനത്താവളത്തിന് പരിഗണിക്കപ്പെട്ടത്. കോട്ടയത്ത് ചെറുവള്ളി എസ്റ്റേറ്റിനുപുറമെ ട്രാവൻകൂർ റബേഴ്സ്, വെള്ളനാടി എസ്റ്റേറ്റ്, പത്തനംതിട്ടയിൽ ളാഹ എസ്റ്റേറ്റ്, കല്ലേലി എസ്റ്റേറ്റ്, കുമ്പഴ എസ്റ്റേറ്റ് എന്നിവ. ഈ ആറു സ്ഥലവും സന്ദർശിച്ച് അതത് കലക്ടർമാർ, റവന്യൂ വകുപ്പ് ചീഫ് സെക്രട്ടറി, കെ.എസ്.െഎ.ഡി.സി എം.ഡി എന്നിവരുൾപ്പെട്ട സംഘമാണ് റിപ്പോർട്ട് നൽകിയത്. ഭൂപ്രകൃതി അനുസരിച്ച് ഭൂരിഭാഗവും സമതല പ്രദേശവും ബാക്കി ചെറിയ കുന്നിൻപ്രദേശവും ആയതിനാൽ ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമാണെന്നും അഞ്ച് പി.ഡബ്ല്യു.ഡി റോഡുകളുടെയും രണ്ട് ദേശീയപാതകളുടെയും സമീപത്തായതിനാൽ സൗകര്യപ്രദവുമാണെന്നുമായിരുന്നു വിദഗ്ധ സംഘത്തിെൻറ കണ്ടെത്തൽ.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. ഹാരിസൺ മലയാളം പ്ലാേൻറഷൻ തോട്ടകൃഷിക്കായി സർക്കാറിൽനിന്ന് പാട്ടത്തിനെടുത്ത ഭൂമിയാണ് 2005ൽ ബിലീവേഴ്സ് ചർച്ചിെൻറ കൈവശമെത്തിയത്. ഈ സ്ഥലം വിമാനത്താവളത്തിന് വിട്ടുനൽകാൻ തയാറാണെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് ബിലീവേഴ്സ് ചർച്ചിെൻറ വാദം. എന്നാൽ, ഇത് സർക്കാർ ഭൂമിയാണെന്നും എതിർകക്ഷികളെ ഭൂമിയിൽനിന്ന് ഒഴിപ്പിക്കണമെന്നും കാട്ടിയാണ് സംസ്ഥാന സർക്കാറിനുവേണ്ടി കോട്ടയം കലക്ടർ ഹരജി നൽകിയത്.
വിമാനത്താവള തടസ്സങ്ങൾ നീക്കണം–അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
എരുമേലി: നിർദിഷ്ട ശബരി എയർപോർട്ട് യാഥാർഥ്യമാക്കുന്നതിന് തടസ്സങ്ങൾ നീക്കി തുടർനടപടി സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു.
കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിെൻറ തടസ്സവാദങ്ങൾ മറികടക്കാനുള്ള മാർഗങ്ങൾ അടിയന്തരമായി ആരായണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുമെന്നും വിമാനത്താവളം യാഥാർഥ്യമാക്കേണ്ടതിെൻറ ആവശ്യം ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയക്കുമെന്നും എം.എൽ.എ അറിയിച്ചു.
ഡി.ജി.സി.എയുടേത് സ്വാഭാവിക നടപടി– വി. തുളസീദാസ്
പത്തനംതിട്ട: ശബരി വിമാനത്താവള പദ്ധതിയുമായി ബന്ധെപ്പട്ട് ഇപ്പോൾ പുറത്തുവന്ന കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറലിെൻറ (ഡി.ജി.സി.എ) റിപ്പോർട്ടിലെ വിവരങ്ങൾ സ്വാഭാവിക നടപടിയുടെ ഭാഗമാണെന്ന് പദ്ധതിയുടെ സ്പെഷൽ ഓഫിസർ വി. തുളസീദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുകയാണ് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ചെയ്തത്. അത് സ്വാഭാവിക നടപടിയാണ്. അവെക്കല്ലാം തൃപ്തികരമായ മറുപടി നൽകിക്കഴിയുേമ്പാൾ അനുമതികൾ ലഭ്യമാകും. ഡി.ജി.സി.എയുടെ ചോദ്യങ്ങൾ ലഭിച്ചിരുന്നു. മറുപടികൾ തയാറാക്കുകയാണ്. ഇത് കൊടുത്തുകഴിയുേമ്പാൾ വ്യോമ മന്ത്രാലയത്തിെൻറ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അനുമതികൾ നൽകുന്നതാണ് നടപടിക്രമം. അതിനിടയിൽ ഡി.ജി.സി.എയുടെ ചില ചോദ്യങ്ങൾ ആർക്കോ കിട്ടുകയും അവർ അത് വിവാദമാക്കി മാറ്റുകയുമാണുണ്ടായത്. അത് ദുരുദ്ദേശ്യപരമാകാം.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുമായി 150 കിലോമീറ്റർ ദൂരപരിധി വേണമെന്ന വ്യവസ്ഥ നിർബന്ധമല്ല. കണ്ണൂർ വിമാനത്താവളത്തിനും ഈ പ്രശ്നമുണ്ടായിരുന്നു. കോഴിേക്കാട്ടുനിന്നും മംഗളൂരുവിൽനിന്നും 150 കിലോമീറ്ററിനകത്തായിരുെന്നങ്കിലും അവിടെ അനുമതി ലഭിച്ചു. റൺവേക്ക് ആവശ്യമായ നീളം ചെറുവള്ളി എസ്റ്റേറ്റിനുള്ളിൽതന്നെ ലഭിക്കും. ലഭിക്കില്ലെന്ന പരാമർശം വസ്തുതാവിരുദ്ധമാണ്. കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്ന് തീർത്തുപറയാനും പറ്റില്ല. ടേബിൾ ടോപ് റൺവേയാണെന്ന് പറയുന്നത് ചെറുവള്ളി എസ്റ്റേറ്റിനെക്കുറിച്ച് അറിയാത്തവരാണ്. ടേബിൾ ടോപ് എന്നുപറഞ്ഞാൽ റൺവേയുടെ നാലുവശവും കുഴിയായിരിക്കും. ചെറുവള്ളി അങ്ങനെയുള്ള ഭൂമിയെല്ലന്നും തുളസീദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.