കോട്ടയം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര വ്യാഴാഴ്ച ജില്ലയിലെത്തും. ഇടുക്കിയിൽനിന്ന് എത്തുന്ന ജാഥയെ ജില്ല അതിർത്തിയായ നെല്ലാപ്പാറയിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് പാലാ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് നേതാക്കളെ തുറന്ന വാഹനത്തിൽ പുഴക്കര മൈതാനത്തേക്ക് ആനയിക്കും. വൈകീട്ട് മൂന്നിന് പാലായിൽ നടക്കുന്ന പൊതുസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരാകും പാലായിൽ യാത്രയുടെ ഭാഗമാകുക.
വൈകീട്ട് അഞ്ചിന് കോട്ടയത്ത് യാത്രക്ക് സ്വീകരണം നൽകും. വൈ.എം.സി.എ ജങ്ഷനിൽനിന്ന് നേതാക്കളെ സ്വീകരിച്ച് തിരുനക്കര പഴയ ബസ്സ്റ്റാൻഡ് മൈതാനിയിലെത്തിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി, വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരാണ് തിരുനക്കരയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുക.
യാത്രയുടെ ഭാഗമായ ജനകീയ ചർച്ച സദസ്സ് വെള്ളിയാഴ്ച രാവിലെ 10ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. കെ. സുധാകരനും വി.ഡി. സതീശനും ജില്ലയിലെ വിവിധ തലങ്ങളിലുള്ളവരുമായി സംവദിക്കും.
വ്യക്തികളുടെയും സംഘടനകളുടെയും നിവേദനങ്ങളും സ്വീകരിക്കും. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ ചെയർമാനായും ജനറൽ സെക്രട്ടറി അഡ്വ. ജോണി ജോസഫ് കൺവീനറുമായ സമിതിയാണ് ചർച്ച സദസ്സിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.