കോട്ടയം: മധ്യവേനലവധിക്കുശേഷം വിദ്യാർഥികൾ നാളെ മുതൽ സ്കൂളിലേക്ക്. രണ്ടുമാസത്തെ ഇടവേളക്കുശേഷം സ്കൂളുകൾ വ്യാഴാഴ്ച തുറക്കും.
കുട്ടികളെ വരവേൽക്കാൻ ഒരുക്കം പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു. ഗവ. പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരുടെ ഏപ്രിൽ വരെയുള്ള ഒഴിവുകൾ നികത്തി. ഇനി മേയിൽ വിരമിക്കുന്നവരുടെ ഒഴിവുകൾ മാത്രമേ നികത്താനുള്ളൂ. താൽക്കാലിക അധ്യാപക നിയമനത്തിന് ഉത്തരവ് ഇറങ്ങിയതിനാൽ സ്കൂളുകൾ അതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ജില്ലയില്‍ ആകെയുള്ള 898 സ്കൂളുകളില്‍ 750 എണ്ണം ഫിറ്റ്നസ് നേടി.
അവശേഷിക്കുന്ന സ്കൂളുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്കി കാത്തിരിപ്പാണ്. സാങ്കേതിക തടസ്സങ്ങൾ മാത്രമേ ഇതിനുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. അപകടാവസ്ഥയിലുള്ള സ്കൂളുകൾ ജില്ലയിലില്ല.
പാഠപുസ്തക വിതരണം ഭൂരിഭാഗവും പൂർത്തിയായി. സ്കൂൾ മുറ്റത്തെ കാടുവെട്ടിനീക്കലും ശുചീകരണവും കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. കുടിവെള്ള ലഭ്യത, ശൗചാലയങ്ങൾ, പാചകപ്പുര തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾക്കുള്ള സൗകര്യം ഉണ്ടെന്നുറപ്പാക്കാൻ പരിശോധന പുരോഗമിക്കുകയാണ്.
കുട്ടികളെ ആകർഷിക്കാൻ സ്കൂളുകളും അണിഞ്ഞൊരുങ്ങി. കാർട്ടൂൺ കഥാപാത്രങ്ങളും പൂക്കളും പൂമ്പാറ്റയും വരച്ച് സ്കൂൾ ഭിത്തികൾ മനോഹരമാക്കി. പ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കളിയുപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
അംഗൻവാടികളിൽ ചൊവ്വാഴ്ചയായിരുന്നു പ്രവേശനം. ജില്ലതല സ്കൂൾ പ്രവശനോത്സവം തലയോലപ്പറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.