കോട്ടയം: പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ ജില്ലയിലെ സ്കൂളുകൾ ഒരുങ്ങി. ആദ്യമായി സ്കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ തയാറെടുപ്പുമായി അധ്യാപകരും വിദ്യാർഥികളും. മധുരം നൽകിയും ക്ലാസ് മുറികൾ വർണാഭമാക്കിയും ആട്ടവും പാട്ടുമായി നവാഗതരെ സ്വീകരിക്കാൻ പ്രൈമറി സ്കൂളുകൾ തയാറെടുത്തുകഴിഞ്ഞു. കഴിഞ്ഞ അധ്യയനവർഷം 8071 പേരാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരാനെത്തിയത്.
പുതിയ അധ്യയന വർഷത്തിൽ ഇത് 10000 കടക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ജില്ലതല സ്കൂൾ പ്രവേശനോത്സവം തിങ്കളാഴ്ച കുമരകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് മുഖ്യപ്രഭാഷണം നടത്തും.
സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന് ജില്ല മെഡിക്ക ൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. വീടിന്റെ സുരക്ഷിതത്വത്തിൽനിന്ന് തിങ്ങിനിറഞ്ഞ ബസുകളിലും ക്ലാസ് മുറികളും എത്തുന്ന കുട്ടികൾക്ക് പകർച്ചവ്യാധികൾ പകരാതിരിക്കാൻ സ്കൂൾ അധികൃതരും മാതാപിതാക്കളും കൂടുതൽ ശ്രദ്ധിക്കണം. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ്, എക്സൈസ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് സ്കൂൾ പരിസരങ്ങളിൽ പരിശോധന നടത്തും. സ്കൂളുകളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് തടയാൻ സ്കൂൾ അധികൃതർ നടപടികൾ സ്വീകരിക്കണം. സ്കൂളിലെ കുടിവെള്ള സ്രോതസുകൾ ഗുണനിലവാര പരിശോധന നടത്തുകയും അണുനശീകരണം നടത്തുകയും പരിസരം ശുചിയായി സൂക്ഷിക്കുകയും വേണം.
- സ്കൂളിൽ പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.
- തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടേണ്ടതുണ്ട്. കുട്ടികൾക്ക് എല്ലാ ദിവസവും വൃത്തിയുള്ള തൂവാല കൊടുത്തയക്കാൻ മറക്കരുത്.
- പനിയോ ജലദോഷമോ ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്കൂളിൽ അയക്കരുത്. കുട്ടിക്ക് വിദഗ്ധ ചികിത്സയും ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും നൽകണം.
- തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ കുട്ടികൾക്കു കഴിക്കാൻ നൽകരുത്. പുറമെ നിന്ന് കുട്ടികൾ ഭക്ഷണസാധങ്ങൾ വാങ്ങിക്കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
- ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും നിർബന്ധമായി സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.
- ജൂൺ അഞ്ച്, 12, 19 തീയതികളിൽ സ്കൂളിൽ നടക്കുന്ന ശുചീകരണ-കൊതുകുനിവാരണ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുക.
- വീടുകളിൽ കൊതുക് വളരുന്നതരത്തിൽ ഒരിടത്തും ശുദ്ധ ജലം കെട്ടിനിൽക്കുന്നില്ലെന്ന് എന്നുറപ്പാക്കണം.
- സ്കൂൾ കഴിഞ്ഞു വന്നാൽ നിർബന്ധമായി കൈയും മുഖവും കാലുകളും കഴുകിയശേഷം മാത്രം വീട്ടിൽ പ്രവേശിപ്പിക്കണം.
- അഞ്ച്, പത്ത് വയസുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ കുത്തിവയ്പ്പുകൾ കുട്ടികൾക്കു കൃത്യമായി നൽകണം.
- കുട്ടികൾ ആറു മുതൽ എട്ടു വരെ മണിക്കൂർ ഉറക്കവും 45 മിനിറ്റ് വ്യായാമവും ശീലിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.