കോട്ടയം: സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഗവർണർക്കെതിരെ തുറന്ന പോരിലേക്ക് സി.പി.എമ്മിന്‍റെ വിദ്യാർഥി സംഘടനയും. ചാൻസലർ എന്ന സ്ഥാനത്തിരുന്ന് ഗവർണർ ആർ.എസ്.എസ് രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും വന്നാൽ ഒരു കാമ്പസിലും കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അർഷോ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇന്നുവരെ ഗവർണറുമായി തെരുവിൽ രാഷ്ട്രീയ പോരാട്ടത്തിന് എസ്.എഫ്.ഐ സാഹചര്യമുണ്ടാക്കിയിട്ടില്ല. ഗവർണർ ആർ.എസ്.എസിന്‍റെ ചട്ടുകമായി പ്രവർത്തിക്കാനാണ് ഇറങ്ങിപ്പുറപ്പെടുന്നതെങ്കിൽ എസ്.എഫ്.ഐക്കും അത്തരം തീരുമാനമെടുക്കേണ്ടിവരും. ജനാധിപത്യത്തെ അട്ടിമറിക്കാൻ വിദ്യാർഥികൾ അനുവദിക്കില്ല. ഗവർണറുടെ തീട്ടൂരങ്ങളെ കലാലയത്തിന് പുറത്തുനിർത്തും. ഗവർണർ വിദ്യാർഥികളെ എന്തിന് ഭയപ്പെടുന്നു?. സംഘ് പരിവാറിന്റെ ചട്ടുകമാണ് ഗവർണർ. സംഘ്പരിവാർ ഭയപ്പെടുന്നപോലെയാണ് ഗവർണർ വിദ്യാർഥികളെ ഭയക്കുന്നതെന്നും കാമ്പസിലെ എസ്.എഫ്.ഐ ആഹ്ലാദപ്രകടനത്തിനിടെ അർഷോ പറഞ്ഞു. എം.ജി. സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതോടനുബന്ധിച്ച്, ഗവർണർക്കെതിരെ ബാനർ ഉയർത്തിയാണ് തിങ്കളാഴ്ച കാമ്പസിൽ ആഹ്ലാദപ്രകടനം നടന്നത്. 'ചാൻസലറിസമല്ല ഇത് ജനാധിപത്യമാണ്, വിദ്യാർഥികൾ വിധിയെഴുതി എം.ജി സർവകലാശാല എസ്.എഫ്.ഐക്ക്' എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഗവർണറോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ ബാനർ എഴുതിയതെന്ന് യൂനിറ്റ് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞദിവസം 'ചാൻസലറിസം കവാടത്തിനു പുറത്ത്' എന്നെഴുതി എസ്.എഫ്.ഐ സർവകലാശാല കവാടത്തിൽ ബാനർ ഉയർത്തിയിരുന്നു. ഇതിനുതൊട്ടുപിറകെയാണ് ഗവർണറെ വിമർശിച്ച് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. സർവകലാശാലയിൽ ഡി. ലിറ്റ് ബിരുദദാനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാമ്പസിലെ എസ്.എഫ്.ഐയുടെ പോസ്റ്ററുകളെ വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് എസ്.എഫ്.ഐ ഗവർണർക്കെതിരെ പരസ്യമായ പ്രതിഷേധത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.