കോട്ടയം: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലും ആവശ്യരേഖകൾ നഷ്്ടപ്പെട്ടവർക്കായി കലക്ടറേറ്റിൽ പ്രത്യേക കൗണ്ടർ തുറന്നതായി മന്ത്രി വി.എൻ. വാസവൻ.പാസ്പോർട്ട്, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ നഷ്്ടപ്പെട്ടവർക്ക് രേഖകളുടെ ഡ്യൂപ്ലിക്കേറ്റുകൾ എടുക്കുന്നതിനുവേണ്ടിയാണ് കലക്ടറേറ്റിൽ കൗണ്ടർ തുറന്നിരിക്കുന്നത്.ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങൾ മികച്ച ഇടപെടലാണ് നടത്തിയത്. ജാഗ്രതയോടെ റിപ്പോർട്ട് ചെയ്തതിനൊപ്പം മാധ്യമപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളായി. ഇത് അഭിനന്ദനാർഹമാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് വാസ്തവവിരുദ്ധമാണ്. നാലു പതിറ്റാണ്ടിനിടെ ജില്ലയിലുണ്ടായ എല്ലാ ദുരന്തങ്ങളിലും ഓടിയെത്തിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ ഇത്രമാത്രം വേഗത്തിൽ ചലിച്ച സന്ദർഭമുണ്ടായിട്ടില്ല.
ആളുകളെ മാറ്റിപ്പാർപ്പിക്കാനും മരിച്ചവരുടെ മൃതദേഹം നേരത്തോടുനേരംകഴിയുംമുമ്പ് കണ്ടെത്താനും കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആഹാരം ,വസ്ത്രം, മരുന്ന് എന്നിവയെല്ലാം എത്തിച്ചു. ജനങ്ങളുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കാനാണ് ശ്രമം. ക്യാമ്പുകളിൽ കഴിയുന്ന പലർക്കും വീടുകൾ നഷ്ടമായി. ചിലർക്ക് സർക്കാർ സഹായം കിട്ടാൻ ആവശ്യമായ രേഖകളില്ലാത്ത പ്രശ്നമുണ്ട്.അവരെക്കൂടി കണ്ടുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആരും വഴിയാധാരമാകില്ല. റവന്യൂ അടക്കം വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പ്രകാരം സർക്കാർ നടപടി വേഗത്തിലാക്കും. തുടർ നടപടി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈരാറ്റുപേട്ടയിൽ ആറുകോടിയുടെ നഷ്ടം –നഗരസഭ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രളയത്തിൽ ആറുകോടിയുടെ നഷ്ടമുണ്ടായെന്ന് നഗരസഭ അടിയന്തര കൗൺസിൽ യോഗം വിലയിരുത്തി. രണ്ടു കോടി അടിയന്തര സഹായം അനുവദിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി, ധനകാര്യമന്ത്രി, റവന്യൂ മന്ത്രി, എം.പി ,എം.എൽ.എ, കലക്ടർ എന്നിവരെ കാണുവാനും ഉണ്ടായ നഷ്ടം ബോധ്യപ്പെടുത്തുന്നതിന് സർവകക്ഷി സംഘത്തെ അയക്കുവാനും തീരുമാനിച്ചു.
വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ടുകോടിയും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ഒന്നേമുക്കാൽ കോടിയും വീടുകൾക്ക് ആകെ രണ്ടേകാൽ കോടിയും ഉൾപ്പെടെ ആറുകോടിയുടെ നഷ്ടമാണ് വന്നിട്ടുണ്ടെന്ന് കൗൺസിലിെൻറ പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ 15വർഷമായി മീനച്ചിലാറ്റിലെ ചെറുഡാമിലും പാലങ്ങളുടെ കീഴിലും മണ്ണും ചളിയും മരക്കഷണങ്ങളും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി ഏകദേശം രണ്ടരമീറ്റർ മീനച്ചിൽ നദി ഉയർന്നുകിടക്കുന്നതുമൂലമാണ് കൈവരി തോടുകളിൽ വെള്ളംകയറി പ്രദേശത്തെ വീടുകളിലും കടകളിലും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായത്.
ഈരാറ്റുപേട്ട നഗരസഭയും തലപ്പലം പഞ്ചായത്തും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രളയത്തിൽ ഒലിച്ചുപോയത് ഉടൻ പുനർനിർമിക്കണം. പ്രളയത്തിൽ തകർന്നുപോയ വാഗമൺ റോഡും മറ്റ് റോഡുകളും അടിയന്തരമായി പുനർനിർമിക്കണം, ഒഴിഞ്ഞുകിടക്കുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫിസർ തസ്തിക നികത്തണം എന്നീ ആവശ്യങ്ങൾ നഗരസഭ കൗൺസിൽ ഉന്നയിച്ചു.
വാർത്തസമ്മേനത്തിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, കൗൺസിലർമാരായ, സുനിത ഇസ്മായിൽ, സഹല ഫിർദൗസ്, റിസ്വാന സവാദ്, അൻസർ പുള്ളോലിൽ, റിയാസ് പ്ലാമൂട്ടിൽ, നാസര്‍ വെള്ളൂപ്പറമ്പിൽ, സുനിൽകുമാർ, എസ്.കെ. നൗഫല്‍, അനസ് പാറയിൽ എന്നിവർ പങ്കെടുത്തു.
പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഈരാറ്റുപേട്ടയിൽ ഹെൽപ് ഡെസ്ക്
കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രളയക്കെടുതിയിൽ രേഖകൾ നഷ്ടപ്പെട്ടവരെ സഹായിക്കാൻ നഗരസഭയുടെ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. നഷ്ടപ്പെട്ടുപോയ ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, പാൻ കാർഡ്, ജനന-മരണ സർട്ടിഫിക്കറ്റ്, ആധാരത്തിെൻറ പകർപ്പ് തുടങ്ങിയ രേഖകൾ വീണ്ടും ലഭിക്കുന്നതിന് ഹെൽപ് െഡസ്കിൽ അപേക്ഷ നൽകാം. നഗരസഭയിലെ ജനസേവന കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ദിവസം 22 അപേക്ഷ ലഭിച്ചു. നേരിട്ടെത്താൻ കഴിയാത്തവർക്ക് അക്ഷയകേന്ദ്രവുമായി ബന്ധപ്പെടാനുള്ള സഹായവും നൽകും. സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽഖാദർ പറഞ്ഞു. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഹെൽപ് ഡെസ്കിെൻറ പ്രവർത്തനം. ഫോൺ: 9961300738, 9946464364.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.