കോട്ടയം: ജില്ലക്ക് അഭിമാനനിമിഷം; എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രവിജയം. പരീക്ഷയെഴുതിയ 18,910 വിദ്യാർഥികളിൽ 18,886 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. വിജയം 99.87 ശതമാനം. കഴിഞ്ഞവർഷം 99.07 ശതമാനമായിരുന്നു. ഇതാണ് 99.87 ശതമാനമായി കുതിച്ചുയർന്നത്. പാലാ വിദ്യാഭ്യാസ ജില്ല നൂറ് ശതമാനം വിജയം നേടി. തുടർച്ചയായി മൂന്നാം വർഷമാണ് പാലാ സംസ്ഥാനത്ത് ഒന്നാമതാകുന്നത്.
ജില്ലയിൽ പരീക്ഷയെഴുതിയ 9,578 ആൺകുട്ടികളിൽ 9,558 പേരും വിജയിച്ചു. 9,332 പെൺകുട്ടികളിൽ 9,328 പേരും വിജയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 2,927 പേർ. ഇതിൽ 1,984 പേർ പെൺകുട്ടികളും 943 പേർ ആൺകുട്ടികളും.
കാഞ്ഞിരപ്പള്ളി- 99.84, കോട്ടയം- 99.82, കടുത്തുരുത്തി -99.91 എന്നിങ്ങനെയാണ് മറ്റ് വിദ്യാഭ്യാസജില്ലകളുടെ വിജയശതമാനം.ജില്ലയിലെ 193 സ്കൂളുകൾ നൂറുമേനി വിജയം കൊയ്തു. ഇതിൽ 131 എണ്ണം എയ്ഡഡ് സ്കൂളുകളാണ്. 46 സർക്കാർ സ്കൂളുകളും 16 അൺഎയ്ഡഡ് സ്കൂളുകളും നൂറുമേനി നേടി.
പാലാ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയചരിത്രം കുറിച്ച് പാലാ വിദ്യാഭ്യാസ ജില്ല. തുടർച്ചയായി മൂന്നാംവർഷവും സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയാണ് പുതിയചരിത്രം കുറിച്ചത്. 100 ശതമാനം വിജയശതമാനമാണ് പാലാക്കുള്ളത്.
2019ൽ- 99.60 ശതമാനവും 2020ൽ- 99.83 ശതമാനവും 2021ൽ- 99.97, 2022ൽ- 99.94 ശതമാനവും വിജയശതമാനം ഉയർത്താൻ പാലാ വിദ്യാഭ്യാസ ജില്ലക്കായി. ഇതിൽ 2021ലും 2022ലും സംസ്ഥാനത്ത് ഒന്നാമതെത്തി. 2021ൽ ഒരു വിദ്യാർഥി പരാജയപ്പെട്ടതോടെയാണ് നൂറു ശതമാനം നഷ്ടമായത്. 2022ൽ പരീക്ഷക്കിടെ ഒരു വിദ്യാർഥി മുങ്ങിമരിക്കുകയും ഒരാൾ പരാജയപ്പെടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെയും ജില്ല ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക അനുമോദനം പാലാക്ക് ലഭിച്ചു.
46 സ്കൂളുകളിൽനിന്നായി 3172 കുട്ടികളാണ് വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എല്ലാ കുട്ടികളും ഉന്നതപഠനത്തിന് അർഹരായി. ഏഴ് സർക്കാർ സ്കൂളുകളും 34 എയ്ഡഡ് സ്കൂളുകളും രണ്ട് അൺഎയ്ഡഡ് സ്കൂളുകൾക്കും നൂറ് ശതമാനം വിജയം നേടാനായി.
ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിച്ച പാലാ സെന്റ് മേരീസ് ഹൈസ്കൂളിനും (220 കുട്ടികൾ), ഏറ്റവും കുറച്ച് കുട്ടികളെ പരീക്ഷക്കിരുന്ന ഏറ്റുമാനൂർ ഗവ. ബോയ്സ് സ്കൂളിനും (അഞ്ച് കുട്ടികൾ) ഇത്തവണ നൂറു ശതമാനം വിജയം കൊയ്യാനായി. വിദ്യാഭ്യാസ ജില്ലയിൽ 712 പേർ എല്ലാ വിഷങ്ങൾക്കും എ പ്ലസ് നേടി.കൂട്ടായ്മയുടെ വിജയമാണ് പാലാക്ക് ലഭിച്ചതെന്ന് മുൻ വിദ്യാഭ്യാസ ജില്ല ഓഫിസർ കെ. ജയശ്രീ പറഞ്ഞു. കെ.ബി ശ്രീകലയാണ് പാലാ വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ ഇൻചാർജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.