തെരുവുനായ് ശല്യം രൂക്ഷം: ഈവർഷം കടിയേറ്റത് 4781 പേർക്ക്

കോട്ടയം: പേ വിഷബാധയേറ്റ് പാലക്കാട്ടും തൃശൂരുമായി രണ്ടുപേർ മരിച്ച ആശങ്കക്കിടെ, ജില്ലയിൽ നായ്ക്കളുടെ ആക്രമണം വർധിക്കുന്നതായി കണക്കുകൾ. ഈ വർഷത്തെ കണക്കനുസരിച്ച് ജൂൺ 25വരെ ജില്ലയിൽ നായ്ക്കളുടെ കടിയേറ്റ് 4781 പേരാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതിനുശേഷവും വിവിധ സ്ഥലങ്ങളിൽ മനുഷ്യരെ തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. 2020ല്‍ 9978 പേരും 2021ല്‍ 6805 പേരുമായിരുന്നു ജില്ലയിലെ വിവിധ ആശുപത്രികളില്‍ നായുടെ കടിയേറ്റ് ചികിത്സതേടിയത്. ഇത് മറികടക്കുംവിധമാണ് ഈവർഷം പകുതിയായപ്പോഴത്തെ കണക്കുകൾ.

കഴിഞ്ഞദിവസം മാഞ്ഞൂരില്‍ മൂകയും ബധിരയുമായ അമ്മക്കൊപ്പം അംഗന്‍വാടിയില്‍നിന്ന് പോയ മൂന്നുവയസ്സുകാരിയെ തെരുവുനായ് കടിച്ചുവലിച്ചിരുന്നു. അടുത്തിടെ പള്ളിക്കത്തോട് പഞ്ചായത്തില്‍ പേപ്പട്ടി കടിയേറ്റ് ഒരു പശു ചാകുകയും പേവിഷബാധ കണ്ടെത്തിയ രണ്ടു പശുക്കളെ മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ കൊല്ലുകയും ചെയ്തിരുന്നു. പ്രദേശവാസികളായ നിരവധിപേർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു. ആഴ്ചകൾക്ക് മുമ്പായിരുന്നു പുതുപ്പള്ളിയിൽ ഏഴും കാരാപ്പുഴയിൽ എട്ടും പാമ്പാടിയിൽ അഞ്ചും പേരെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവർത്തിക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലെന്ന് ആക്ഷേപമുണ്ട്.

വന്ധ്യംകരണം നടക്കാത്തതും പൊതുനിരത്തിൽ അറവുമാലിന്യം ഉൾപ്പെടെ ഭക്ഷണങ്ങളുടെ ലഭ്യതയുമാണ് നായ്ക്കൾ പെരുകുന്നതിന് കാരണമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലയിലെ പ്രധാന കവലയിലും മാര്‍ക്കറ്റിലുമെല്ലാം തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്. തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രിക്കുന്നതിന് ജില്ല പഞ്ചായത്ത് നടപ്പാക്കിയ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) നിലച്ചത് ഇവയുടെ ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.

തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേനയായിരുന്നു വന്ധ്യംകരണ പദ്ധതി നടന്നിരുന്നത്. കുടുംബശ്രീ അംഗീകൃത ജന്തുക്ഷേമ സംഘടന അല്ലാത്തതിനാൽ, ഇവരിൽനിന്ന് ചുമതല മാറ്റണമെന്ന് കേന്ദ്രം നിർദേശിച്ചതോടെ പദ്ധതിക്ക് ചങ്ങല വീഴുകയായിരുന്നു. പകരം സംവിധാനം ആലോചിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.

കോഴിക്കടകള്‍, കശാപ്പുശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലാത്തതിനാല്‍ ഇവയുടെ പരിസരങ്ങളില്‍ തെരുവുനായ്കൾ ഏറെയാണ്. മത്സ്യ മാര്‍ക്കറ്റുകളുടെ സമീപവും ഇവ തമ്പടിക്കുന്നു.ഇത്തരം നായ്ക്കള്‍ക്ക് ക്രൗര്യമേറെയാണെന്നും ഇവയാണ് ആക്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

മെഡി. കോളജിൽ ചികിത്സ തേടിയവർ (വി​വി​ധ മാ​സ​ങ്ങ​ളിൽ​​)

ജ​നു​വ​രി-  1298

ഫ്രെ​ബ്രു​വ​രി- 1094

മാ​ർ​ച്ച്-  1404

ഏ​പ്രി​ൽ-   1395

മേ​യ്-   1498

ജൂ​ൺ-  1513

Tags:    
News Summary - Street dog attack: 4781 people were bitten this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.