ബസുകളില്‍ നിരീക്ഷണ കാമറകള്‍: സമയപരിധി നാളെ തീരും; ആശയക്കുഴപ്പം

കോട്ടയം: നിയമലംഘനങ്ങൾ കണ്ടെത്താനായി ബസുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ, ആശയക്കുഴപ്പം. കെ.എസ്.ആർ.ടി.സി അടക്കം സംസ്ഥാനത്ത് സർവിസ് നടത്തുന്ന മുഴുവൻ ബസുകളിലും മാർച്ച് ഒന്നിന് മുമ്പ് കാമറ സ്ഥാപിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ, പിന്നീട് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ ഇതിൽനിന്ന് കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി.

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ കാമറ 28നകം സ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്. ജില്ലയിലടക്കം ഭൂരിഭാഗം ബസുകളും ഇത് പാലിച്ചില്ല. രണ്ടുദിവസത്തിനുള്ളിൽ സ്ഥാപിക്കാൻ കഴിയുകയുമില്ല. ഇതോടെ സമയപരിധി നീട്ടുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ബസുടമകൾ.മുന്‍വശവും ഉള്‍വശവും പിന്‍വശവും കാണുന്നവിധത്തില്‍ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.

ഇതിനായി 15,000 മുതല്‍ 25,000 രൂപ വരെ ചെലവാകും. കാമറ വാങ്ങുന്നതിന്‍റെ പകുതി തുക റോഡ് സുരക്ഷ അതോറിറ്റി നൽകുമെന്നാണ് ഗതാഗതവകുപ്പ് അറിയിച്ചത്. എന്നാൽ, ഇതിലും വ്യക്തതയായിട്ടില്ല. ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസൻസ് നമ്പർ എന്നിവ മോട്ടർ വാഹന വകുപ്പിന് നൽകണം. ഇത് ബസിൽ പ്രദർശിപ്പിക്കുകയും വേണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഈമാസം ആദ്യമാണ് സര്‍ക്കാറിന്റെ നിര്‍ദേശമുണ്ടായതെന്നും അതിനാൽ വളരെവേഗം എല്ലാ ബസുകളിലും കാമറകള്‍ സ്ഥാപിക്കുക ശ്രമകരമാണെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. പെട്ടെന്ന് കാമറ സ്ഥാപിച്ചാലും ഭാവിയില്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍കൂടി പരിഗണിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നതിനാല്‍ ആലോചിച്ച് കമ്പനികളെ തെരഞ്ഞെടുക്കാനാണ് ഉടമകളുടെ ശ്രമം.

ജില്ലയിലെ ബസ് ഉടമകള്‍ ചില കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും സര്‍വിസ്, ചെലവ് കുറവ് എന്നിവ അടിസ്ഥാനമാക്കി കരാര്‍ ഏര്‍പ്പെടുത്തി കാമറ സ്ഥാപിക്കാനാണ് നീക്കം നടത്തുന്നതെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോ. ജില്ല സെക്രട്ടറി കെ.എസ്. സുരേഷ് പറഞ്ഞു. അറ്റകുറ്റപ്പണിക്കും ചെലവേറുമെന്നും പറയുന്നു.

നിലവില്‍ ജില്ലയില്‍ ചില സ്വകാര്യ ബസുകളില്‍ കാമറകളുണ്ട്. ഇവയിലേറെയും മറ്റൊരു ഇടപാടുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ചു നല്‍കിയവയാണ്. കോവിഡിനുശേഷം സജീവമായി വരുന്ന സ്വകാര്യ ബസ് മേഖലയില്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് തീരുമാനമെന്നും ഉടമകള്‍ പറയുന്നു. മത്സരയോട്ടം അടക്കമുള്ളവക്ക് തടയിടാൻ ലക്ഷ്യമിട്ടായിരുന്നു കാമറ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം.

Tags:    
News Summary - Surveillance cameras on buses: Deadline ends tomorrow; confusion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.