കോട്ടയം: പൊള്ളുന്ന പകല്ച്ചൂടില് വെന്തുരുകുകയാണ് കോട്ടയത്തെ ഗ്രാമ-നഗരങ്ങൾ. ജില്ലയിൽ വെള്ളിയാഴ്ച 34.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. കഴിഞ്ഞദിവസത്തെ അപേഷിച്ച് നേരിയ കുറവുണ്ടായെങ്കിലും കാഠിന്യത്തിന് മാറ്റമില്ല. കഴിഞ്ഞദിവസങ്ങളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയിരുന്നു ജില്ലയിലെ ചൂട്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനിലയും ഇതായിരുന്നു. ഇതിനിടെ, സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ആശങ്ക വർധിപ്പിക്കുന്നു. ഇങ്ങനെപോയാൽ എപ്രിൽ, മേയ് മാസങ്ങളിലെന്താകുമെന്ന ചോദ്യമാണ് നാടുയർത്തുന്നത്.
പുനലൂര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നായി കോട്ടയം മാറിയിരിക്കുകയാണ്. പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള കണക്കാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം നല്‍കുന്നത്. എന്നാൽ, ഇതിനെക്കാൾ ഉയർന്ന ചൂടാണ് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ അനുഭവപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
ജനുവരിയില്‍ ജില്ലയിലെ താപനില 35 ഡിഗ്രി വരെയെത്തിയിരുന്നുവെങ്കിലും പിന്നാലെ മഴപെയ്തതോടെ ചൂടിന് നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ, നിലവിൽ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഫെബ്രുവരി പകുതിക്കുശേഷവും ജില്ലയില്‍ രാത്രിയിലും പുലര്‍ച്ചയും ശക്തമായ തണുപ്പും അനുഭവപ്പെട്ടിരുന്നു. കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം രോഗങ്ങള്‍ വര്‍ധിക്കാനും കാരണമായി. കാര്‍ഷിക മേഖലയിലും ഈ മാറ്റം പ്രതിസന്ധി സൃഷ്ടിച്ചു.
സൂര്യാതപം ഉള്‍പ്പെടെ സാധ്യതയും അധികൃതര്‍ തള്ളുന്നില്ല. എന്നാല്‍, ഇപ്പോഴുണ്ടാകുന്ന താപനില വര്‍ധന സ്വാഭാവികമാണെന്നും ഇവര്‍ പറയുന്നു. 10 വര്‍ഷത്തിനിടെ ജില്ലയില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 2020ല്‍ രേഖപ്പെടുത്തിയ 38.5 ഡിഗ്രിയാണ്. വേനൽ ശക്തിപ്പെട്ടതോടെ ജില്ലയിലെ നദികളിലെ ജലനിരപ്പും വലിയതോതിൽ കുറഞ്ഞു. പലയിടങ്ങളിലും മീനച്ചിലാർ മെലിഞ്ഞുതുടങ്ങി. മണിമലയാറിലും സ്ഥിതി വ്യത്യസ്തമല്ല. മലയോര മേഖലകളിലടക്കം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കുടിവെള്ളം അമിത വിലനൽകി ടാങ്കറുകളിൽ വാങ്ങിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.