കോട്ടയം: അടുത്ത അധ്യയനവർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ല ഹബിൽ ഫ്ലാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു.
അധ്യയനവർഷം ആരംഭിക്കും മുമ്പേ മുഴുവൻ വിദ്യാർഥികൾക്കും പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന് അവർ പറഞ്ഞു. കുടുംബശ്രീക്കാണ് വിതരണച്ചുമതല. വിവിധ സ്കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടവിതരണം.
സിലബസിൽ മാറ്റം വരാത്ത രണ്ട്, നാല്, ആറ്, എട്ട്,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുക. ജില്ലയിലെ 9,10 സ്കൂളുകളിലേക്കുള്ള 3,81,283 പാഠപുസ്തകങ്ങളാണ് ആദ്യഘട്ട വിതരണത്തിന് തയാറായിട്ടുള്ളത്. രണ്ടാഴ്ചക്കകം വിതരണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സിലബസ് മാറി പുതിയ പുസ്തകങ്ങളായി പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകവിതരണം രണ്ടാംഘട്ടത്തിൽ നടക്കും. ജില്ലയിൽ ആകെ 13,46,479 പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്.
പഞ്ചായത്തംഗം സി.എസ്. സുധൻ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ല മിഷൻ കോഓഡിനേറ്റർ കെ.ജെ. പ്രസാദ്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ കെ.കെ. കവിത, പുതുപ്പള്ളി സെന്റ് ജോർജ് വി.എസ്.എ്ച്ച്.എസ് ഹെഡ്മിസ്ട്രസ് അനിത ഗോപിനാഥൻ, ഡി. ശ്രീകുമാർ എന്നിവർ സംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.