കോട്ടയം: മതസ്വാതന്ത്ര്യത്തിനും തുല്യതക്കും ഭംഗം വരുത്തുന്നതും സ്വത്തുക്കൾ അന്യാധീനമാകാൻ ഇടയാക്കാവുന്നതുമായ വഖഫ് നിയമ ഭേദഗതി നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എൻ. ഹബീബ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ജമാലുദ്ദീൻ വാഴത്തറയിലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ഹലീൽ റഹിമാൻ, എസ്.എ. ഷംസുദ്ദീൻ, കെ.എം.എ. സലീം, വി.ഐ. അബ്ദുൽ കരിം, ടി.എം. നസീർ, നാസർ കങ്ങഴ, അഡ്വ. മുസ്തഫ ഓവേലി, പി.എ. സാദിഖ് എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരി: കേരള വഖ്ഫ് ബോർഡിനെതിരായ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ചങ്ങനാശ്ശേരി താലൂക്ക് മഹല്ല് കോഓഡിനേഷൻ കമ്മിറ്റി.
അധികാരങ്ങളും നിയന്ത്രണങ്ങളും പിൻവലിക്കുന്നതിന്റെ ഭാഗമായി മുസ്ലിം സമുദായത്തിന് ദോഷകരമായ സാഹചര്യം സൃഷ്ടിക്കാൻ ബോധപൂർവം നടക്കുന്ന ഗൂഢാലോചനയുടെ ഫലമായാണ് ബിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് മഹല്ല് കമ്മിറ്റി യോഗം വിലയിരുത്തി. മുസ്ലിം സമുദായത്തിന് ദോഷകരമായി ഭവിക്കുന്ന ബിൽ അവതരിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യോഗം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.പിമാർ, ലോക്സഭ പ്രതിപക്ഷ നേതാവ്, കോൺഗ്രസ്-മതേതര രാഷ്ട്രീയ നേതൃത്വം എന്നിവർക്ക് നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.എസ്. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. വയനാട് പ്രകൃതിദുരന്തത്തിൽ യോഗം ദുഃഖം രേഖപ്പെടുത്തി. എസ്. മുഹമ്മദ് ഫുവാദ്, എം.എസ്. നൗഷാദ്, ടി.എം. നസീർ, ഹക്കീം പാറയിൽ, മുഹമ്മദ് ഷെരീഫ്, അനീഷ് തെങ്ങണ, അബ്ദുൽ വഹാബ്, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.