കോട്ടയം: തെരഞ്ഞെടുപ്പങ്കത്തിന് കച്ചമുറുക്കി നഗരസഭയിലെ ദമ്പതികൾ വീണ്ടും കളത്തിൽ. കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ കൗൺസിലർമാരായിരുന്ന എം.പി. സന്തോഷ് കുമാറും ഭാര്യ ബിന്ദു സന്തോഷ് കുമാറുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി വീണ്ടും അങ്കത്തിനിറങ്ങുന്നത്. ഇല്ലിക്കൽ വാർഡിലാണ് ബിന്ദു മത്സരിക്കുന്നത്. സന്തോഷ്കുമാർ പുളിനാക്കൽ വാർഡിലും. നഗരജനതക്ക് പരിചിതരാണ് ഇവർ. ഭർത്താവ് അഞ്ചാംതവണയും ഭാര്യ നാലാംതവണയുമാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത രണ്ടുപേരും രണ്ടു ടേമുകളിലായി നഗരസഭ അധ്യക്ഷരുമായിരുന്നു.
1986 മുതൽ ട്രേഡ് യൂനിയൻ രംഗത്തുണ്ടായിരുന്ന സന്തോഷ് കുമാർ 2000ലാണ് ആദ്യമായി മത്സരരംഗത്തെത്തുന്നത്. കല്ലുപുരക്കൽ വാർഡിൽനിന്ന് വിജയിച്ച് ആ ഭരണസമിതിയിൽ രണ്ടര വർഷക്കാലം വൈസ് ചെയർമാനുമായി. തുടർന്ന് ഇല്ലിക്കൽ, പുളിനാക്കൽ വാർഡുകളിൽനിന്ന് മത്സരിച്ചു ജയിച്ചു. ഇല്ലിക്കൽ വാർഡിൽനിന്നാണ് അവസാന വട്ടം മത്സരിച്ചത്. 2012 ഡിസംബർ അഞ്ചുമുതൽ രണ്ടു വർഷം മുനിസിപ്പൽ ചെയർമാനായിരുന്നു.
ബി.എ പൊളിറ്റിക്സുകാരിയായ ബിന്ദു വിവാഹശേഷമാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവെച്ചത്. കല്ലുപുരക്കൽ, ഇല്ലിക്കൽ, പുളിനാക്കൽ വാർഡുകളിൽനിന്നാണ് ബിന്ദു മത്സരിച്ച് ജയിച്ചത്. 2009 ൽ ഒരു വർഷം ചെയർപേഴ്സനായി. 2017 നവംബർ മുതൽ രണ്ടുവർഷം ഉപാധ്യക്ഷയായിരുന്നു.
രണ്ടുപേരും കഴിഞ്ഞ തവണ മത്സരിച്ചിരുന്ന വാർഡുകളിൽ ഇത്തവണ സംവരണമാറ്റം വന്നതോടെയാണ് വാർഡുകൾ മാറി മത്സരിക്കാൻ തീരുമാനിച്ചത്. ജയസാധ്യത പരിഗണിച്ചാണ് ദമ്പതികളായ തങ്ങൾക്ക് വീണ്ടും പാർട്ടി പരിഗണന നൽകിയതെന്ന് എം.പി. സന്തോഷ് കുമാർ പറഞ്ഞു.
നാഗമ്പടം, തിരുനക്കര ബസ്സ്റ്റാൻഡുകളുടെ നവീകരണം, തിരുവാതുക്കൽ ഓഡിറ്റോറിയം, നാട്ടകം കമ്മ്യൂണിറ്റി ഓഫിസ് നിർമാണം, പടിഞ്ഞാറൻ ബൈപാസ് നിർമാണം തുടങ്ങി കുറച്ചുകാലം കൊണ്ട് നിരവധി പദ്ധതികൾക്ക് തുടക്കമിടാനായ ആത്മവിശ്വാസത്തിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. വിദ്യാർഥികളായ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.