കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടൽ ആരംഭിച്ചു. രണ്ട്, മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്ഫോമുകൾ വടക്കുഭാഗത്തേക്ക് 100 മീറ്ററോളവും രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾ തെക്കുഭാഗത്തേക്ക് 70 മീറ്ററുമാണ് നീട്ടുന്നത്. ഗുഡ്സ് പ്ലാറ്റ്ഫോമിന്റെയും നീളംകൂട്ടും. പകൽ പണി നടക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളോടെ ചില ട്രെയിനുകൾ കടത്തിവിടുന്നുണ്ട്.
നാല്, അഞ്ച് പ്ലാറ്റ്ഫോമുകളിൽ ടൈലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മൂന്നാം പ്ലാറ്റ്ഫോം തെക്കുഭാഗത്തേക്ക് നീട്ടുന്നതിനുള്ള പ്രവൃത്തികളും തുടങ്ങി. നാല് പ്ലാറ്റ്ഫോമുകളാണ് സ്റ്റേഷനിൽ നേരത്തേ ഉണ്ടായിരുന്നത്. പാതയിൽ പണി നടക്കുന്നതിനാൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾക്കിടയിലെ രണ്ട് പാളങ്ങളിലൂടെ മാത്രമാണ് ട്രെയിൻ കടത്തിവിടുന്നത്.
എം.സി. റോഡിലേക്ക് തുറക്കുന്ന രണ്ടാം കവാടത്തിന്റെ നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അഞ്ച് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാത പൂർത്തിയായി. വൈദ്യുതീകരണ ജോലികളും തുരങ്കങ്ങൾക്ക് സമീപം സംരക്ഷണ ഭിത്തി നിർമിക്കലും ത്വരിതഗതിയിലാണ്. ഇടക്കിടെ മഴ പെയ്യുന്നതിനാൽ സംരക്ഷണഭിത്തി നിർമാണം വൈകുമോ എന്ന ആശങ്കയുണ്ട്. ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത നിർമാണത്തിന്റെ അവസാനഘട്ടപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.