കോട്ടയം: ഉപതെരഞ്ഞെടുപ്പിന് മൂന്നാഴ്ചയിൽ താഴെ മാത്രം ബാക്കിനിൽക്കവെ പുതുപ്പള്ളിയിൽ അനുദിനം പ്രചാരണ വിഷയങ്ങൾ മാറി മറിയുന്നു. ഇരുമുന്നണിയും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗത്തുവരുമ്പോൾ വിഷയങ്ങൾ മാറിമറിയുകയാണ്. വ്യക്തിഹത്യയിൽ തുടങ്ങി രാഷ്ട്രീയ പാർട്ടികളുടെ അവിശുദ്ധബന്ധം വരെ ആരോപണങ്ങളിൽ എത്തിനിൽക്കുകയാണ് പ്രചാരണം. വ്യക്തിഹത്യയും വികസനവും അവിശുദ്ധ ബന്ധവുമെല്ലാം മണ്ഡലത്തിൽ കത്തിക്കയറുന്നുണ്ട്.
53 വർഷം കൊണ്ട് ഉമ്മൻ ചാണ്ടി എന്ത് ചെയ്തുവെന്നതും അദ്ദേഹത്തിന്റെ ചികിത്സയും എല്ലാം വിവാദമാക്കിയാണ് ഇടതുമുന്നണി പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാൽ, വൈകാരികതയിൽ തൊട്ടുകളിക്കുന്നത് തിരിച്ചടിക്കുമെന്ന ബോധ്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻതന്നെ ഈ പ്രചാരണത്തിന് തടയിടുകയും വ്യക്തിഹത്യ നടത്തില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ ഇടതുസ്ഥാനാർഥി ജെയ്ക് സി. തോമസാണ് വ്യക്തിഹത്യ നേരിടുന്നത്. ജെയ്ക്കിന്റെ സ്വത്തും ഭൂമി വാങ്ങിയപ്പോഴുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ പ്രായവുമെല്ലാം വിവാദമാക്കുന്നത് കോൺഗ്രസ് സൈബർ വിഭാഗമാണ്. പുതുപ്പള്ളിയുടെ വികസനം സംബന്ധിച്ച ചർച്ചയും തുടരുകയാണ്. പുതുപ്പള്ളിയെയും പാലായെയും താരതമ്യം ചെയ്യാമെന്ന മന്ത്രി വി.എൻ. വാസവന് മറുപടിയായി പുതുപ്പള്ളിയും ധർമടവും ചർച്ചയാക്കാമെന്നാണ് യു.ഡി.എഫ് വ്യക്തമാക്കിയത്.
അതിനിടെ, യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ ബാന്ധവവും ഇടതുമുന്നണി ഉപയോഗിക്കുന്നുണ്ട്. പുതുപ്പള്ളിക്ക് സമീപത്തെ പാലായിലെ കിടങ്ങൂരിൽ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിൽ വന്നതാണ് അവിശുദ്ധ ബാന്ധവത്തിന് തെളിവായി എൽ.ഡി.എഫ് ഉയർത്തുന്നത്. മണിപ്പൂരിൽ കലാപം ഉണ്ടാക്കുന്നവരുമായിട്ടാണ് കിടങ്ങൂരിൽ കോണ്ഗ്രസ് കൂട്ടുകൂടിയതെന്നും ആർ.എസ്.എസിന്റെ സഹയാത്രികരാണെന്നും പിന്തുണക്കണമോയെന്ന് പുതുപ്പള്ളിയിലെ വിശ്വാസികൾ ഉൾപ്പെടെ ചിന്തിക്കണമെന്നുമാണ് ജയരാജൻ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.