ഈരാറ്റുപേട്ട: അപകടം കൺമുന്നിൽ കണ്ടപ്പോൾ സമയോചിതമായി ഇടപെട്ട് ഒരു ജീവൻ രക്ഷിച്ച കുഞ്ഞ് ഫയാസിന് ഇഷ്ടവാഹനം ഓണസമ്മാനമായി നൽകി ടീം നന്മക്കൂട്ടം പ്രവർത്തകർ. നടക്കൽ സഫ നഗറിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളിയായ തങ്കച്ചനെയാണ് കാരക്കാട് പരേതനായ നൗഷാദിന്റെ മകൻ ഫയാസ് ആത്മധൈര്യത്താൽ രക്ഷപ്പെടുത്തിയത്.
കാരക്കാട് സ്കൂളിൽ പഠിക്കുന്ന ഫയാസ് വീട്ടിലേക്ക് പോകുംവഴി ഒന്നാംമൈൽ ഭാഗത്ത് മരത്തിൽനിന്ന് ബഹളംകേട്ടു. നോക്കുമ്പോൾ മരത്തിന് മുകളിൽ ഷോക്കേറ്റ് മരണത്തോട് മല്ലടിക്കുന്ന തങ്കച്ചനെയാണ് കണ്ടത്. ഒരുനിമിഷം പകച്ചുപോയെങ്കെിലും മനോധൈര്യം കൈവിടാതെ ഫയാസ് അതുവഴിവന്ന പല വാഹനങ്ങൾക്കും കൈകാണിച്ചു. അവസാനം, വാഹനത്തിന്റെ മുന്നിൽ വട്ടംകയറിനിന്ന് മരത്തിന്റെ മുകളിലേക്ക് കൈചൂണ്ടിയപ്പോഴാണ് യാത്രക്കാരും ഈ കാഴ്ച കണ്ടത്. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് തൊഴിലാളി താഴേക്ക് വീണു. പ്രഥമ ശ്രുശ്രൂഷ നൽകി നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ഫയാസിന്റെ സമയോചിത ഇടപെടൽ അഭിനന്ദനം അർഹിക്കുന്നതാണെന്ന് ടീം നന്മക്കൂട്ടം രക്ഷാധികാരി അബ്ദുൽ ഗഫൂർ ഇല്ലത്തുപറമ്പിൽ പറഞ്ഞു. അവസരോചിത ഇടപെടലിലൂടെ തങ്കച്ചന്റെ ജീവൻ രക്ഷിച്ച ഫയാസിനെ ടീം നന്മക്കൂട്ടം ആദരിച്ചു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. പി.എം മുഹമ്മദ് ഇല്യാസ്, കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂൾ മാനേജർ മുഹമ്മദ് ആരിഫ്, ഹെഡ് മാസ്റ്റർ മുഹമ്മദ് സാലി, കെ.എ. മുഹമ്മദ് അഷ്റഫ്, നഗരസഭ കൗൺസിലർ സുനിൽകുമാർ, മുഹമ്മദ് ഹാഷിം, റാഫി പുതുപ്പറമ്പിൽ, പി.ടി.എ പ്രസിഡന്റ് യൂസുഫ് ഹിബ, ഹാഷിം ലബ്ബ തുടങ്ങിയവർ സംസാരിച്ചു.
ഫയാസിന്റെ സ്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ടീം നന്മക്കൂട്ടം പ്രസിഡന്റ് ഫസൽ വെള്ളൂപറമ്പിൽ ഫയാസിന് സൈക്കിൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.