കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുനീക്കിയ മുട്ടമ്പലത്തെ കാളിയമ്മൻ ദേവീക്ഷേത്രത്തിന് പകരം സ്ഥലം അനുവദിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാൻ ജില്ല ഭരണകൂടം തയാറാകുന്നില്ലെന്ന് ഭാരവാഹികൾ.
കാളിയമ്മൻ ദേവീക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം നൽകണമെന്ന് റെയിൽവേയോടും കോട്ടയം നഗരസഭയോടും കലക്ടറോടും നിരന്തരം അഭ്യർഥിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിജയപുരം വില്ലേജിൽ കണ്ടെത്തിയ സ്ഥലം അനുയോജ്യമെന്ന് കോട്ടയം തഹസിൽദാർ കണ്ടെത്തിയിട്ടും ഇതും പതിച്ചുനൽകാൻ നടപടിയില്ലെന്ന് ഇവർ ആരോപിച്ചു.
അരുന്ധതിയാർ സമുദായത്തിന്റെ കേരളത്തിലെ ഏക ആരാധനാലയമായിരുന്നു പൊളിച്ചുനീക്കിയ കാളിയമ്മൻ ദേവീക്ഷേത്രം. ഇത് കണക്കിലെടുത്ത് സ്ഥലം ഉടൻ അനുവദിച്ചില്ലെങ്കിൽ സമുദായ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് അടക്കം പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. അരുന്ധതിയാർ സമുദായസംഘം ജനറൽ സെക്രട്ടറി വി.എം. മണി, ഓൾ കേരള ഹിന്ദു ഹരിജൻ അരുന്ധതിയാർ സമുദായസംഘം പ്രസിഡന്റ് കെ. ഗണേശൻ, ട്രഷറർ എ. കുറുപ്പൻ, അഡ്വ. കെ.എ. പ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.