കോട്ടയം: എം.ഡി സെമിനാരി സ്കൂളിൽനിന്ന് പുസ്തകങ്ങളും ഭക്ഷ്യക്കിറ്റും വാങ്ങി അമ്മക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയാണ് അഞ്ചാംക്ലാസുകാരനായ അമീഷ്. എന്നാൽ, പുസ്തകങ്ങൾ കിട്ടിയതിെൻറ സന്തോഷമൊന്നും മുഖത്തില്ല. കാര്യം ചോദിച്ചപ്പോൾ വിഷമത്തോടെ മറുപടി. വീട്ടിലെ ടി.വി കേടായി. ആകെയുള്ള മൊബൈൽ ഫോണിെൻറ ചില്ലും പൊട്ടി. ഇനി ഞാനെങ്ങനെ ക്ലാസിൽ കേറും. അമീഷിെൻറ മുഖം തെളിയുന്നില്ല.
കൊല്ലാട് ബോട്ടുജെട്ടിക്കവലക്കടുത്ത് വാടകക്ക് താമസിക്കുന്ന മഠത്തിൽ അനീഷിെൻറയും സൗമ്യയുടെയും മൂത്ത മകനാണ് അമീഷ്. രണ്ടാമത്തെ മകൾ അമന്യ ഈ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്നു. അനീഷിന് ഓടുമേയലാണ് പണി. രണ്ടുവർഷം മുമ്പ് യൂറിക് ആസിഡ് കൂടി ശരീരം തളർന്നു. ഇപ്പോൾ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിലും ആരോഗ്യം പഴയ രീതിയിലായിട്ടില്ല. കോവിഡ് കാലമായതിനാൽ പണിയുമില്ല. ചെറിയ കുട്ടിയുള്ളതിനാൽ സൗമ്യക്ക് ജോലിക്കുപോകാൻ കഴിയില്ല. അതിനിടയിലാണ് സ്കൂൾ തുറക്കുന്നത്.
ചൊവ്വാഴ്ച കേരളത്തിലെ കുട്ടികളെല്ലാം ഓൺലൈനിലാവുേമ്പാൾ ഇവർ 'ഓഫ്ലൈനി'ലായിരിക്കും. ''പുസ്തകം വന്നതറിഞ്ഞ് വാങ്ങാൻ വന്നതാണ്. പാഠപുസ്തകങ്ങൾ മാത്രമേ വാങ്ങിയുള്ളൂ. നോട്ട്ബുക്കുകൾ വാങ്ങാൻ പൈസയില്ല. ഓട്ടോക്കൂലി കൊടുക്കാനുള്ളതേ കൈയിലുള്ളൂ''- രണ്ടു വയസ്സുകാരി അഭിനന്ദനയെ ഒക്കത്തിരുത്തി തളർന്ന മുഖത്തോടെ സൗമ്യ പറഞ്ഞു.
മക്കളുടെ മുഖത്തെ നിരാശ വേദനിപ്പിക്കുന്നുണ്ടെങ്കിലും പുതിയ ഫോണും ടി.വിയും വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല ഈ കുടുംബത്തിന്. വാടക കൊടുക്കാൻ മാസം 5000 രൂപ കണ്ടെത്തുന്നതുതന്നെ കഷ്ടപ്പെട്ടാണ്. സ്വന്തമായി വീടുകിട്ടിയാൽ പകുതി പ്രാരബ്ധം കുറയും. എന്നാൽ, പലതവണ അധികൃതർക്ക് അപേക്ഷ നൽകിയിട്ടും എവിടെയും പരിഗണന കിട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.