കോട്ടയം: തിരുനക്കര ടാക്സി സ്റ്റാൻഡ് വീണ്ടും ബസ് സ്റ്റാൻഡ് മൈതാനിയിൽ. തിരുനക്കര ബസ് സ്റ്റാൻറ് ആന്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടാക്സി സ്റ്റാന്റും ‘കുടിയൊഴിപ്പിച്ചത്’. പകരം സ്ഥലം ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ പ്രതിഷേധം ഉയർത്തിയതോടെ, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പാർക്കിങ്ങിന് നഗരസഭ അനുമതി നൽകി. ഒരുവർഷമായി പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തായിരുന്നു ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.
ഇപ്പോൾ സ്വകാര്യബസുകൾ പഴയ സ്റ്റാന്റിലൂടെ കടത്തിവിടാൻ തുടങ്ങിയതോടെ, ഇവരും സ്റ്റാൻഡ് മാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. പഴയ സ്ഥലത്തേക്ക് സ്റ്റാൻഡ് മാറ്റാൻ അനുമതി ആവശ്യപ്പെട്ട് ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി നഗരസഭക്ക് അപേക്ഷയും നൽകി. ഇത് പരിഗണിച്ച് നഗരസഭ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലേക്ക് മാറാൻ ഇവർക്ക് അനുമതി നൽകുകയായിരുന്നു. വ്യാഴാഴ്ച മുതൽ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയ ഇവർ ടാക്സി സ്റ്റാൻഡിന്റെ ബോർഡും സ്ഥാപിച്ചു.
പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ ഓട്ടത്തിൽ വലിയ തോതിൽ കുറവുണ്ടായതായി ഡ്രൈവർമാർ പറയുന്നു. പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ ഈ സ്ഥിക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ് ഇവർ. എന്നാൽ, മേൽക്കൂരയില്ലാത്തതിനാൽ മഴയും വെയിലും ദുരിതം സൃഷ്ടിക്കുമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു. നിലവിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിൽ സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്ത് വരികയായിരുന്നു. ഇവിടെയാണ് ടാക്സ് സ്റ്റാൻഡ് വരുന്നത്.
അവശേഷിക്കുന്ന സ്ഥലം പാർക്കിങ് ഗ്രൗണ്ടായി തന്നെ തുടരുമെന്നും നഗരസഭ അധികൃതർ പറഞ്ഞു. തിരുനക്കര ബസ് സ്റ്റാൻറ് ആന്റ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കിയതോടെയാണ് ഇവിടെ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാന്റും ടാക്സി സ്റ്റാൻഡും മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.