ശബരിമല: അയ്യനെ കാണാനെത്തിയ തീർഥാടകർ ദർശനം പൂർത്തിയാക്കാതെ മലയിറങ്ങുന്നു. പമ്പയിൽനിന്ന് സന്നിധാനത്തേക്ക് 15 മുതൽ 18 മണിക്കൂർ വരെ ക്യൂവിൽനിന്ന് പാതിവഴിയിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് തീർഥാടകരാണ് കഴിഞ്ഞ രണ്ടുദിവസമായി ദർശനം നടത്താതെ മലയിറങ്ങുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെന്ന് സർക്കാറും ദേവസ്വം ബോർഡും തുടക്കം മുതൽ പറയുമ്പോഴും സന്നിധാനത്തടക്കം വിരിവെക്കാനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും ഒരുക്കുന്നതിൽ പരാജയപ്പെട്ടു. കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ ഏഴാം തീയതി ഉദ്ഘാടനം ചെയ്ത തിരുപ്പതി മോഡൽ സംവിധാനം പാടെ പാളി.
തിരക്ക് വർധിച്ചതോടെ വെർച്വൽ ക്യൂ ബുക്കിങ് 80,000 ആക്കി കുറച്ചിരുന്നു. മുൻവർഷങ്ങളിൽ ബുക്കിങ് 90,000 ആയിരുന്നു. ക്യൂ കോംപ്ലക്സുകളിൽ മണിക്കൂറുകൾ തടഞ്ഞുനിർത്തുന്ന തീർഥാടകർക്ക് കുടിവെള്ളം എത്തിക്കുന്നതിൽപോലും അധികൃതർ പരാജയമായി. മരക്കൂട്ടത്തുനിന്ന് ശരംകുത്തി വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരും ദുരിതം അനുഭവിക്കുന്നു.
രണ്ടര കിലോമീറ്റർ പിന്നിടാൻ അഞ്ച് മണിക്കൂർ വരെ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ശബരീപീഠം കഴിഞ്ഞാൽ കുടിവെള്ള ടാപ്പുകൾപോലും ഇല്ല.
കോടതി നിർദേശപ്രകാരം ഒഴിച്ചിട്ടിരുന്ന ആറാം ക്യൂ മുഴുവൻ തീർഥാടകർക്കുമായി തുറന്ന് നൽകിയിരിക്കുകയാണ്. മിനിറ്റിൽ 90 പേർ വരെ പതിനെട്ടാംപടി ചവിട്ടേണ്ട സ്ഥാനത്ത് 60 മുതൽ 70 വരെ തീർഥാടകർ മാത്രമാണ്. ഇതും തിരക്ക് വർധിക്കാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.