കോട്ടയം: മക്കളെ സ്കൂളിലയച്ച്, വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞ് സൗഹൃദസംഭാഷണത്തിനിരുന്ന മൂന്ന് വീട്ടമ്മമാരുടെ ആശയത്തിൽ തുടങ്ങിയ സംരംഭം 10ാം വർഷത്തിലേക്ക് വിജയകരമായി ചുവടുവെക്കുന്നു. പറഞ്ഞുവരുന്നത്, കാഞ്ഞിരപ്പള്ളി ചോറ്റിയിലെ 'നീറ്റ് ആൻഡ് ടേസ്റ്റി കാറ്ററിങ്സി'നെക്കുറിച്ചാണ്. മൂവർസംഘത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഇന്ന് പ്രദേശത്തെ മികച്ച കാറ്ററിങ് സ്ഥാപനമായി ഇത്.
സിന്ധു അജി, റമീസ ഷാഹുൽ, ഷീന റോയ് എന്നിവരാണിവർ. ചോറ്റി ടൗണിൽ സ്റ്റുഡിയോ നടത്തുന്ന അജിയാണ് സിന്ധുവിന്റെ ഭർത്താവ്. റമീസയുടെയും ഷീനയുടെയും ഭർത്താക്കന്മാർ പ്രവാസികളാണ്. മൂവരുടെയും വീടുകൾ അടുത്തടുത്തുതന്നെ. ഭക്ഷണം പാകം ചെയ്യുന്നതൊക്കെ ഇരുവീടിന്റെയും നടുവിലുള്ള സിന്ധുവിന്റെ വീട്ടിൽ. സിന്ധുവിന്റെ ഭർത്താവ്, അഞ്ച് സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകിയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ക്രമേണ ഓർഡറുകൾ ലഭിച്ചതോടെ പുതിയ തുടക്കത്തിലേക്കു കാൽവെപ്പ് ആരംഭിച്ചു.
തുല്യമായാണ് പണമിറക്കിയത്. മൂന്നുപേരുടെയും കുടുംബത്തിൽനിന്നുള്ള പിന്തുണകൂടി ആയപ്പോൾ ബാക്കിയൊക്കെ പെർഫെക്ട് ഓക്കെ...! ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ഇവർക്കൊപ്പം സമീപത്തെ പിള്ളേർസെറ്റും മറ്റ് സഹായികളും ഉണ്ട്. പഞ്ചായത്തും ബ്ലോക്കും എല്ലാ പിന്തുണയും നൽകുന്നു. കോവിഡിന്റെ സാഹചര്യത്തിൽ പാറത്തോട് പഞ്ചായത്തുമായി ചേർന്ന് ഇവർ കമ്യൂണിറ്റി കിച്ചൻ നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും കീഴിലെ കോവിഡ് സെന്ററുകളിൽ ഭക്ഷണം നൽകിയിരുന്നതും ഈ സംരംഭത്തിലൂടെയാണ്.
2018 ലെ പ്രളയസമയത്ത് മറ്റു സന്നദ്ധ സംഘടനകൾ മുഖേന ക്യാമ്പുകളിലേക്ക് ഭക്ഷണം അയക്കുന്നതിലും ഇവർ മുൻപന്തിയിൽ നിന്നു. കോവിഡിന്റെ തുടക്കം മുതലുള്ള തുടർച്ചയായ അടച്ചിടലുകളിൽ പ്രതിസന്ധി നേരിട്ടെങ്കിലും പതറാതെ മനോധൈര്യത്തോടെ പിടിച്ചുനിന്നതിനാൽ സ്ഥാപനം മുമ്പത്തെപോലെ ജനപ്രിയമായി മുന്നേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.