വൈക്കം: പാടശേഖരത്തിൽ വെള്ളം നിറഞ്ഞതോടെ 20 കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലമർന്നു. പുറം ബണ്ടും മോട്ടോറും ഇല്ലാത്ത വെച്ചൂർ ഇടയാഴം തോട്ടാപള്ളിയിൽ 25 ഏക്കർ വിസ്തൃതിയുള്ള അറുപത് ആട്ടേതാഴെ പാടശേഖരത്തിനോടു ചേർന്ന കുടുംബങ്ങളാണ് 20 ദിവസമായി വെള്ളപ്പൊക്ക ദുരിതം പേറുന്നത്. പുറബണ്ടും മോട്ടോറുമില്ലാത്തതിനാൽ പാടശേഖരത്തിൽ വർഷ കൃഷി നടത്തുന്നില്ല.
പുറബണ്ട് ഇല്ലാത്തതിനാൽ കഴിഞ്ഞ പ്രളയത്തിൽ കൃഷി മുങ്ങി നശിച്ചതോടെ കർഷകർ വർഷ കൃഷി ഒഴിവാക്കി കന്നിയിൽ കൃഷി ചെയ്തു തുടങ്ങി. ഇതോടെയാണ് പ്രദേശവാസികൾ വെള്ളത്തിലായത്. ഇനി നാലു മാസമെങ്കിലും കഴിയാതെ വീടുകളിൽനിന്ന് വെള്ളമിറങ്ങില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്. വെള്ളത്തിലായതോടെ കക്കൂസുകൾ ഉപയോഗശൂന്യമായതാണ് വീട്ടുകാരെ വട്ടംചുറ്റിക്കുന്നത്. ഒഴലക്കാട്ടുചിറ വിജയമ്മ, സുനി ആട്ടേത്തറ, സാലമ്മ വാര്യംവീട്, ഉഷകുറ്റിച്ചിറ, ചിറ്റേഴത്ത് മണിയൻ, ചിറ്റേഴത്ത് ഷാജി, രാജേഷ് രാജേഷ് ഭവനം, ഓമന വെട്ടിക്കാട്, മോളി വെട്ടിക്കാട്, രുക്മിണി വടക്കു പുറ, ഏലിയാമ്മ പുറക്കേരിത്തറ തുടങ്ങിവരുടെ കുടുംബങ്ങളിൽനിന്ന് വയോധികരെയും കുഞ്ഞുങ്ങളെയും ബന്ധുവീടുകളിലേക്കു മാറ്റി.
മഴ കനത്താൽ ഇവർക്കൊക്കെ വീടുവിട്ട് അഭയ കേന്ദ്രങ്ങളിലേക്കു മാറേണ്ട സ്ഥിതിയാണ്. ഈ കുടുംബങ്ങൾ വീട്ടുവളപ്പിൽ നടത്തിയിരുന്ന കപ്പ, വാഴ, പച്ചക്കറി കൃഷികളും നശിച്ചു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം ഗീത സോമൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വീണ അജി എന്നിവർ പ്രദേശത്തെത്തി സ്ഥിതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.