വൈക്കം: കോവിഡ് ചികിത്സയിൽ കഴിയവെ മരിച്ചയാളുടെ പരിശോധന ഫലം ആദ്യം നെഗറ്റിവ്, പിന്നീട് പോസിറ്റിവ്. ഇതേതുടർന്ന് സംസ്കാരം നിശ്ചയിച്ചിരുന്ന പള്ളിയും സമയവും മാറ്റി. മരണം സംഭവിച്ച് 21 മണിക്കൂറിന് ശേഷമാണ് ബന്ധുക്കൾക്ക് മൃതദേഹം കൈപ്പറ്റാൻ കഴിഞ്ഞത്.
പാലമേലത്തുശ്ശേരി തട്ടാംപറമ്പിൽ ടി.വി. സ്കറിയയാണ് (76) മരിച്ചത്. കഴിഞ്ഞ മൂന്നിന് കോവിഡ് ബാധിതനായി മെഡിക്കൽ കോളജിലെ കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിെൻറ ബുധനാഴ്ച ലഭിച്ച ആൻറിജൻ പരിശോധന ഫലം നെഗറ്റിവ് ആണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് ശ്വാസംമുട്ടൽ കൂടുകയും വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മരിക്കുകയും ചെയ്തു. മൃതദേഹം വിട്ടുനൽകാൻ വാർഡിൽ ഡ്യൂട്ടിയുള്ളവർ തയാറായതിനെ തുടർന്ന് വെള്ളിയാഴ്ച 12ന് ഇടവക പള്ളിയിൽ സംസ്കരിക്കാൻ തീരുമാനിക്കുകയും മൃതദേഹം വെള്ളിയാഴ്ച കൊണ്ടുപോകാനായി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു.
എന്നാൽ, വെള്ളിയാഴ്ച രാവിലെ എട്ടിന് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസും പെട്ടിയുമായി ബന്ധുക്കളെത്തിയപ്പോൾ ആൻറിജൻ പരിശോധന ഫലം നെഗറ്റിവ് ആയി രോഗമുക്തനായാൽ ഏഴു ദിവസം ഹോം ക്വാറൻറീനിൽ കഴിയണമെന്നും മരണം സംഭവിച്ചാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കണമെന്നുമാണ് ചട്ടമെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.
ജീവനക്കാർ കോവിഡ് കൺട്രോൾ വിഭാഗത്തിൽ ബന്ധപ്പെട്ടപ്പോൾ, മരണശേഷം സ്കറിയയിൽനിന്ന് ശേഖരിച്ച സ്രവഫലം പോസിറ്റിവ് ആണെന്നും അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഇടവക പള്ളിയിലും ജില്ല ആരോഗ്യ വകുപ്പ് അധികൃതരുമായും ബന്ധപ്പെട്ട് ഉച്ചകഴിഞ്ഞ് മൂന്നിന് സംസ്കാരം തീക്കോയി സെൻറ് മേരിസ് പള്ളിയിൽ പുതിയതായി നിർമിച്ച സെമിത്തേരിയിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ പോസിറ്റിവ് ആണെന്ന് അറിഞ്ഞതോടെ രാവിലെ വന്ന ആംബുലൻസ് തിരികെപ്പോയി. ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ട് സർക്കാർ ആംബുലൻസ് ക്രമീകരിെച്ചങ്കിലും വൈകുന്നേരം 3.30ന് മാത്രമേ എത്താൻ കഴിയൂവെന്ന് അറിയിച്ചതിനാൽ, 2.30ന് മെഡിക്കൽ കോളജ് പരിസരത്തെ അഭയം ആംബുലൻസ് ക്രമീകരിച്ച് മൃതദേഹം കൊണ്ടുപോയി സംസ്കരിക്കുകയായിരുന്നു. വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് ഉണ്ടായ വീഴ്ചയാണ് ഏറെ ബുദ്ധിമുട്ടിന് ഇടയാക്കിയതെന്നും മറ്റാർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും ബന്ധുക്കൾ പറഞ്ഞു.
ഭാര്യ: മോളി (പെരിങ്ങളം, വെട്ടുകല്ലുങ്കൽ കുടുംബാഗം). മക്കൾ: ജിനോബിൾ, മെർലിൻ, ഷെറിൻ, ജൂബിൻ. മരുമക്കൾ: മരിയ, റോമി പുന്നത്താനത്ത്, ജിമ്മി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.