വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള അമ്മച്ചിക്കൊട്ടാരം പൈതൃക സാംസ്കാരിക-പുരാവസ്തുവകുപ്പുകൾ ഏറ്റെടുക്കാതെ നശിക്കുകയാണ്. തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ച അമ്മച്ചിക്കൊട്ടാരം ഇപ്പോൾ ചരിത്രാവശിഷ്ടമാണ്. രാജകീയത അറിയിക്കുന്ന പൂമുഖം, ഇടനാഴി, സ്വീകരണമുറി, നാലുകെട്ട്, ഊണുമുറി, കലവറ, അടുക്കള എന്നിവ ഇവിടെ കാണാം. വൈക്കത്തഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന്റെ ഭക്തിനിർഭരമായ വരവ് രാജാക്കന്മാർ ഈ കൊട്ടാരപൂമുഖത്തിരുന്നാണ് കണ്ടിരുന്നത്.
അഷ്ടമിയുടെ പ്രധാനചടങ്ങുകളിലൊന്നായ വലിയകാണിക്ക സമർപ്പിക്കാൻ കൈമൾ പല്ലക്കിൽ പുറപ്പെടുന്നത് ഈ കൊട്ടാരത്തിൽനിന്നാണ്. ഉദയനാപുരത്തപ്പന്റെ വരവേൽപിന് പന്തൽ ഒരുക്കുന്നതും ഈ കൊട്ടാരവാതിലിന്റെ മുന്നിലാണ്. വർഷങ്ങൾക്ക് മുമ്പ് വരെ കല്യാണാവശ്യങ്ങൾക്കായി വാടകക്ക് നൽകിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള അമ്മച്ചിക്കൊട്ടാരത്തിന്റെ മേൽക്കൂരയുടെ ഓടും പട്ടികയും പഴക്കംകൊണ്ട് തകർന്ന നിലയിലാണ്. മഴ പെയ്താൽ അകത്ത് വെള്ളംവീഴുന്ന അവസ്ഥയും. കൊട്ടാരത്തിൽനിന്ന് വടക്കേ ക്ഷേത്രകുളത്തിലേക്ക് ഇറങ്ങുന്നതിന് കളപ്പുര ഉണ്ടെങ്കിലും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്.
ഇപ്പോഴുള്ള അവശേഷിപ്പിനെ കൊട്ടാരത്തിന്റെ പ്രതാപകാലം വിളിച്ചറിയിക്കുന്ന പൈതൃകസാംസ്കാരിക കേന്ദ്രമായി മാറ്റാൻ സാംസ്കാരിക വകുപ്പ് ഇടപെടണമെന്നും സത്യഗ്രഹ കാലത്ത് വൈക്കത്ത് മഹാത്മഗാന്ധിയുടെ കാൽപാടുകൾ പതിഞ്ഞ വൈക്കം ബോട്ടുജെട്ടിയുടെ നവീകരണാവശ്യവും സത്യഗ്രഹമണ്ണിൽനിന്ന് ഇന്നും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.