വൈക്കം: വൈക്കത്തെ സിനിമ പ്രേമികളുടെ ചിരകാല സ്വപ്നമായ 'തിയറ്റര്‍' യാഥാർഥ്യമാകുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷെൻറ നേതൃത്വത്തില്‍ വൈക്കത്ത് മള്‍ട്ടിപ്ലക്സ് തിയറ്റര്‍ നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായി. ആറാട്ടുകുളങ്ങരക്ക് സമീപം നിര്‍മിക്കുന്ന പുതിയ സമുച്ചയത്തിെൻറ നിര്‍മാണോദ്ഘാടനം മൂന്നിന് രാവിലെ 11ന് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും.
കെ.എസ്.എഫ്.ഡി.സി ആസ്ഥാനത്ത് സി.കെ. ആശ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന്‍.കരുണ്‍, നഗരസഭ ചെയര്പേഴ്സൻ രേണുക രതീഷ്, വൈസ് ചെയര്മാന് പി.ടി. സുഭാഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എസ്. ഹരിദാസന് നായര്‍, കെ.എസ്.എഫ്.ഡി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വൈക്കം ടൗണിെൻറ കിഴക്കന്‍മേഖലയില്‍ നഗരസഭ ഒമ്പതാം വാര്‍ഡില്‍പെട്ട ആറാട്ടുകുളങ്ങര ഭാഗത്താണ് നിര്‍മിക്കുന്നത്. പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ സിനിമ തീയറ്ററില്ലാത്ത ഏക നഗരസഭയെന്ന പോരായ്മക്ക് ഇതോടെ പരിഹാരമാകും. 2017ല്‍ കായലോര ബീച്ചിെൻറ വികസനത്തിെൻറ ഭാഗമായി സമീപത്തുള്ള 40 സെന്റ് സ്ഥലത്താണ് തിയറ്റര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്.
സ്ഥലം കൈമാറുന്നതിനുള്ള സമ്മതപത്രം എം.എൽ.എയും അന്നത്തെ നഗരസഭ ചെയര്മാന് എന്‍. അനില്‍ ബിശ്വാസും ചേര്‍ന്ന് തിരുവനന്തപുരത്തുവെച്ച് നടന്ന ചടങ്ങില്‍ സമര്‍പ്പിക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. പിന്നീട് തീരദേശ പരിപാലന നിയമത്തിെൻറ പരിധിയില്‍ വരുന്നതിനാലുണ്ടായ സാങ്കേതിക തടസ്സം മൂലമാണ് നിര്‍മാണം ആറാട്ടുകുളങ്ങരയിലുള്ള വ്യവസായ എസ്റ്റേറ്റിലേക്ക് മാറ്റിയത്. അഗ്നിരക്ഷ സേന ഓഫിസ് പ്രവര്‍ത്തിക്കുന്ന പുരയിടത്തോട് ചേര്‍ന്നുള്ള 80 സെന്റ് സ്ഥലമാണ് പാട്ടവ്യവസ്ഥയില്‍ നഗരസഭ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് കൈമാറിയിരിക്കുന്നത്.
കിഫ്ബിയുടെ സഹായത്തോടെ 14.75 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മള്‍ട്ടിപ്ലക്സില്‍ 380 സീറ്റാണ് രണ്ട് തിയറ്ററുകളിലായി ക്രമീകരിക്കുന്നത്. ബെല്‍ജിയത്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പുതിയ സംവിധാനത്തിലുള്ള ഡിജിറ്റല്പ്രോജക്ടറാണ് സജ്ജമാക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തിയറ്ററില്‍ പ്രദര്‍ശനം തുടങ്ങാമെന്നുള്ള ലക്ഷ്യത്തോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.