വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഒരുക്കം സി.കെ. ആശ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഉത്സവസമയത്ത് വൈക്കം ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഡ്യൂട്ടി ഡോക്ടറും ഉണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു.
ക്രമസമാധാന പരിപാലന ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പിയുടെ സ്ഥലം മാറ്റം അഷ്ടമി ഉത്സവത്തിനു ശേഷമേ നടത്തൂവെന്നും മന്ത്രി അറിയിച്ചു. അഷ്ടമിയുടെ ഒരുക്കം പൂർത്തിയായതായി ബോർഡ് മെംബർ പി.എം. തങ്കപ്പൻ വ്യക്തമാക്കി. ക്ഷേത്രത്തിലെ പോരായ്മകൾ പരിഹരിക്കാൻ ജീവനക്കാരുടെ യോഗം നടത്തിയതായി അസി. കമീഷണർ മുരാരി ബാബു പറഞ്ഞു. അഷ്ടമികാലത്ത് വൈക്കത്ത് 770 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. കൂടാതെ ബോട്ട്ജെട്ടി, ദളവാക്കുളം, അന്ധകാരത്തോട് എന്നിവിടങ്ങളിൽ വാച്ച് ടവർ സ്ഥാപിക്കുമെന്ന് ഡിവൈ.എസ്.പി എ.ജെ. തോമസ് അറിയിച്ചു. ടൗണിലെ 44 സി.സി ടി.വി കാമറകളും ഉപയോഗയോഗ്യമാക്കും. സ്പെഷൽ ബസ് സർവിസ് നടത്താൻ ആർ.ടി.ഒ ഓഫിസിൽനിന്ന് അനുവാദം വാങ്ങണമെന്ന് ജോ.ആർ.ടി ഒ. ഷാനവാസ് കരീം അറിയിച്ചു. അഷ്ടമിയുടെ അവസാന മൂന്നു ദിവസം 15ന് ഉച്ചക്ക് 12 മുതൽ 18ന് രാവിലെ എട്ടുവരെ വൈക്കം-തവണക്കടവ് ബോട്ട് സർവിസ് കൂടുതലായി നടത്തും. ഇതിന് കൂടുതലായി രണ്ടുബോട്ട് ഉപയോഗിക്കും.
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനായി നിർമിക്കുന്ന താൽക്കാലിക അലങ്കാര പന്തലിന്റെ കാൽനാട്ട് ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ നിർവഹിച്ചു. 30000 ചതുരശ്ര മീറ്ററിലാണ് പന്തൽ ഒരുക്കുന്നത്. സേവ പന്തലും വിരിപ്പന്തലും ബാരിക്കോഡുകളുമാണ് സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങുന്ന പണി നവംബർ രണ്ടിന് തീരുന്ന വിധത്തിൽ പൂർത്തിയാക്കും. അഡ് മിനിസ്ട്രേറ്റിവ് ഓഫിസർ പി. അനിൽ കുമാർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി. ശ്യാമപ്രസാദ്, അസി. എൻജിനീയർ ഇൻചാർജ് എം.പി. ശ്രീതി, ഉപദേശക സമിതി ഭാരവാഹികളായ ഷാജി വല്ലൂത്തറ, പി.പി. സന്തോഷ് , അജി മാധവൻ, എ. ബാബു, ഇ.കെ. ശിവൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.