കോട്ടയം: ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന് ബസ് കയറണമെങ്കിൽ പൊടിയും വെയിലുമേറ്റ് ഏറെ ദുരിതം അനുഭവിക്കണം.
മുമ്പ് ഇവിടെ കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്നെങ്കിലും റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, ഇതുവരെ പുതിയ കാത്തിരിപ്പ് കേന്ദ്രമോ താൽക്കാലിക സംവിധാനമോ നിർമിക്കുന്നതിന് നടപടിയായില്ല.
പാലാ, തിരുവഞ്ചൂർ, മല്ലപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കട്ടപ്പന, പാമ്പാടി, കറുകച്ചാൽ, കുമളി, മുണ്ടക്കയം എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെയാണ് കടന്നുപോകുന്നത്. സ്കൂൾ വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി യാത്രക്കാർ ഇവിടെയാണ് ബസിനായി കാത്തിരിക്കുന്നത്. അധികൃതരുടെ മൂക്കിന് കീഴെയാണ് റോഡ് നിർമാണം എങ്ങുമെത്താതെ തുടരുന്നത്.
മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവായിരുന്നു.
യാത്രക്കാർ വെള്ളക്കെട്ടിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു. ഇതിന് പരിഹാരമായാണ് റോഡ് ഉയർത്തി ടാർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. റോഡിൽ മെറ്റലും മണ്ണും നിരത്തിയെങ്കിലും ടാറിങ് പൂർത്തിയായില്ല. മഴപെയ്താൽ ചളിക്കുഴിയും വെയിലായാൽ പൊടിശല്യവും ഇവിടെ രൂക്ഷമാണ്.
ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചും ടാറിങ് പൂർത്തിയാക്കി യാത്രക്ലേശം ഒഴിവാക്കുന്നതിനും വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നത് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.