കോട്ടയം: വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് നിയമസഭയുടെ സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി ചെയർമാൻ കെ.പി.എ മജീദ് എം.എൽ.എ. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്താനും നിർദേശങ്ങൾ സ്വീകരിക്കാനുമായി കലക്‌ടറേറ്റിൽ നടന്ന സമിതി സിറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യസംസ്‌കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര റിപ്പോർട്ട് നൽകും. വേമ്പനാട് കായൽ നേരിടുന്ന മലിനീകരണപ്രശ്‌നങ്ങളും പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ചചെയ്തു. മികച്ച നിർദേശങ്ങൾ ഉയർന്നുവന്നതായും വിശദ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിങിൽ സമിതിയംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ടി.സിദ്ദീഖ്, വാഴൂർ സോമൻ എന്നിവർ പങ്കെടുത്തു.
കായലിലടക്കം പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളുന്ന സാഹചര്യമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നിയമനടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം ഫലപ്രദമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു.
മാലിന്യസംസ്‌കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ടൂറിസംവകുപ്പും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. ടി.സിദ്ദീഖ് പറഞ്ഞു. കുമരകത്ത് അടക്കം ഹൗസ്‌ബോട്ടുകളിൽനിന്നുള്ള ഖരമാലിന്യം സംസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ടൂറിസം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നഗരത്തിൽ മാലിന്യം വഴിയരുകിലും മറ്റും കുന്നുകൂടുന്ന സ്ഥിതി ഗുണകരമല്ലെന്നും മാലിന്യസംസ്‌കരണത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് സമിതി നിർദേശം നൽകി. മാലിന്യം ശേഖരിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും ഇത് സംബന്ധിച്ച് കരാറായതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.ജില്ലയിലെ ഇറച്ചിമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ടെൻഡറിങ് പ്ലാന്‍റ് നിർമാണം അന്തിമഘട്ടത്തിലാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്‍റ് ഡയറക്ടർ യോഗത്തെ അറിയിച്ചു.
കലക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.കുമരകത്തെ കവണാറ്റിൻകരയിലെ ഹൗസ്‌ബോട്ട് മാലിന്യസംസ്‌ക്കരണ പ്ലാന്‍റ് സമിതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചീപ്പുങ്കൽ, തണ്ണീർമുക്കം, കുമരകം മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.