കോട്ടയം: തുച്ഛവിലയ്ക്ക് ശുദ്ധമായ കുപ്പിവെള്ളം ‘സുജലം’ പദ്ധതിയിലൂടെ ഇനി നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും റേഷൻകട വഴി ലഭിക്കും. ലിറ്ററിന് 10 രൂപയേ വിലയുള്ളൂ. ശബരിമല തീർഥാടകർ ഉൾപ്പെടെ ദീർഘദൂരയാത്രക്കാർക്ക് ആശ്വാസമാണ് സർക്കാറിന്റെ ഈ പദ്ധതി. ഗുണനിലവാരമുള്ള കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ലിറ്ററിന് 15 മുതൽ 20 രൂപ വരെയാണ് പൊതുവിപണിയിൽ വില.
അരലിറ്റർ, ഒരുലിറ്റർ, അഞ്ചുലിറ്റർ അളവുകളിലാണ് കുപ്പിവെള്ളത്തിന്റെ വിൽപന. യഥാക്രമം എട്ട്, 10, 50 രൂപയാണ് വില. നിലവിൽ ഒരു ലിറ്ററിന്റെ വെള്ളമാണ് കടകളിലുള്ളത്. ശബരിമല തീർഥാടനകാലം കണക്കിലെടുത്താണ് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലൂടെ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിവിധ പരിപാടികൾക്ക് കൂടുതൽ വെള്ളം ആവശ്യമുള്ളവർക്ക് മുൻകൂട്ടി ഓർഡർ ചെയ്തും ആവശ്യമുള്ള അളവിൽ വാങ്ങാം. ഒരുലിറ്റർ എട്ട് രൂപക്കാണ് റേഷൻ വ്യാപാരികൾക്ക് നൽകുന്നത്. ഇതോടെ കടക്കാർക്ക് മെച്ചപ്പെട്ട വരുമാനമാർഗവും കൂടെയാകും ഈ പദ്ധതി.
ജലവിഭവ വകുപ്പുമായി ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഉൽപാദിപ്പിക്കുന്ന ‘ഹില്ലി അക്വ’ വെള്ളമാണ് വിൽപനക്ക് എത്തുന്നത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നുവെന്ന പരാതിക്കുകൂടി പരിഹാരമാകുകയാണ് പദ്ധതിയിലൂടെ.
ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലി നഗരത്തിൽ മാത്രം ആറ് റേഷൻകടകളിലാണ് സുജലം പദ്ധതിയിലൂടെ റേഷൻ വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിലാകെ 26 എണ്ണവും. നഗരത്തിലെ അഞ്ചിടത്തും കാനനപാതയിലെ ഒരിടത്തും വിതരണം ആരംഭിച്ചിട്ടുണ്ട്. മകരവിളക്ക് മഹോത്സവത്തിനെത്തുന്ന തീർഥാടകർക്കും ഈ സൗകര്യം ഏറെ സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.