പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എത്തുമോ?

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പി​െൻറ പത്രിക സമർപ്പണത്തിന്​ വ്യാഴാഴ്​ച തുടക്കമാകാനിരിക്കെ കോൺഗ്രസിൽ സജീവചർച്ചയായി ചാണ്ടി ഉമ്മൻ. കോട്ടയം ജില്ല പഞ്ചായത്ത്​ പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിക്കുമോയെന്ന ചർച്ചയാണ്​ കോൺഗ്രസിൽ മുറുകുന്നത്​. ചാണ്ടി ഉമ്മനെ സ്​ഥാനാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ രംഗത്ത്​ എത്തിയതോടെയാണ്​ ചർച്ചകൾക്ക്​ ചൂടേറിയത്​.

ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന്​ ജില്ല കോൺഗ്രസ്​ നേതൃത്വത്തോട്​ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്​. പുതുപ്പള്ളിയിലെ കോൺഗ്രസ്​ നേതൃത്വവും ചാണ്ടി ഉമ്മനായി രംഗത്തുണ്ട്​. ജോസ്​ വിഭാഗം മുന്നണി വിട്ടതോടെ ജില്ല പഞ്ചായത്തിലെ വിജയം കോൺഗ്രസിന്​ അഭിമാനപ്രശ്​നമാണ്​​. ഈ സാഹചര്യത്തിൽ ചാണ്ടി ഉമ്മ​െൻറ സ്​ഥാനാർഥിത്വം ജില്ലയിൽ ഗുണകരമാകുമെന്നാണ്​ കോൺഗ്രസിലെ ​ ഒരുവിഭാഗത്തി​െൻറ നിലപാട്​. കോൺഗ്രസി​ന്​ മേധാവിത്തമുള്ള ഡിവിഷനാണ്​ പുതുപ്പള്ളി. വർഷങ്ങളായി കോൺഗ്രസാണ്​ മത്സരിച്ച്​ ജയിക്കുന്നത്​. എന്നാൽ, തീരുമാനമൊന്നും ആയിട്ടി​െല്ലന്നാണ്​ ജില്ല നേതൃത്വത്തി​െൻറ നിലപാട്​. പുതുപ്പള്ളി ലക്ഷ്യമിടുന്നവരെ ​'വെട്ടാനുള്ള' നീക്കമായാണ്​ ഒരുവിഭാഗം ഇതിനെ കാണുന്നത്​. അതിനിടെ, പുതുപ്പള്ളി പഞ്ചായത്തി​െൻറ ടൗൺ വാർഡിൽ ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന സൂചനകളുമുണ്ട്​.

പുതുപ്പള്ളി നിയോജകമണ്ഡലത്തിനുള്ള 'ക്ലയിം' നിലയിലാണത്രെ ഇത്തരമൊരുനീക്കം. മുൻ നിയമസഭ, പഞ്ചായത്ത്​ തെരഞ്ഞെടുപ്പുകളിൽ പ്രചരണരംഗത്ത്​ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ സജീവസാന്നിധ്യമായിരുന്നു. ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് തികച്ചതി​െൻറ ഭാഗമായി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ പരിപാടികളില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ശ്രദ്ധേയ സാന്നിധ്യമായി ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു. പലയിടങ്ങളിലും ചാണ്ടി ഉമ്മൻ സംസാരിക്കുകയും ചെയ്​തിരുന്നു. ഇത്​ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി പ്രഖ്യാപനമായി പലരും വിലയിരുത്തിയിരുന്നു. അതിനിടെ, പുതുപ്പള്ളി സീറ്റ്​ ലക്ഷ്യമിട്ട്​ രംഗത്തുള്ളവർ ഇതിൽ കടുത്ത നീരസത്തിലാണ്​. കോട്ടയത്തെ യൂത്ത്​ കോൺഗ്രസ്​ നേതൃത്വവും ചാണ്ടി ഉമ്മനായി രംഗത്തുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.