കോട്ടയം: സീറ്റുകളുടെ എണ്ണത്തെച്ചൊല്ലി തർക്കം തുടരുന്നതിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനെതിരെ യൂത്ത് കോൺഗ്രസ്. സീറ്റുകൾക്കുവേണ്ടി വിലപേശുന്ന ജോസഫ് വിഭാഗം ആ സീറ്റുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
കോട്ടയത്ത് ആറ് സീറ്റിൽ കോൺഗ്രസ് മത്സരിക്കണം. കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് സീറ്റ് ചർച്ചകൾ. സംയുക്ത കേരള കോൺഗ്രസ് കോട്ടയത്ത് ആറ് സീറ്റിലാണ് മത്സരിച്ചത്. ഇതിൽ ഒരുവിഭാഗം മുന്നണി വിട്ട സാഹചര്യത്തിൽ കടുത്തുരുത്തി ഒഴികെ സീറ്റുകളിൽ ജോസഫ് വിഭാഗം അവകാശവാദമുന്നയിക്കുന്നത് ശരിയല്ല.
മുന്നണി മര്യാദയുടെ പേരുപറഞ്ഞ് ജോസഫിന് കൂടുതൽ സീറ്റ് നൽകുന്നത് വിജയസാധ്യതക്ക് മങ്ങലേൽപിക്കും. കോൺഗ്രസ് നേതൃത്വം നട്ടെല്ല് പണയം വെക്കരുത്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ ജില്ലയിൽ യൂത്ത് കോൺഗ്രസ് സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നത് ആലോചിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
കോട്ടയം ഡി.സി.സി ഓഫിസിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡൻറ് ചിൻറു കുര്യൻ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, ടോം കോര അഞ്ചേരിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.